കോന്നി ആനത്താവളത്തിൽ നാലുവയസ്സുകാരൻ്റെ മരണം: അഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, ഡിഎഫ്ഒയും റേഞ്ച് ഓഫീസറെയും സ്ഥലം മാറ്റും
പത്തനംതിട്ട: കോന്നി ആനത്താവളത്തിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരൻ മരിച്ച സംഭവത്തിൽ കടുത്ത നടപടിയുമായി വനംവകുപ്പ്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കോന്നി ഡിഎഫ്ഒയെയും റേഞ്ച് ഫോറസ്റ്റ് ഓഫീസറെയും സ്ഥലംമാറ്റാനും തീരുമാനിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതാണ് അപകടത്തിന് കാരണമെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി.
ഇക്കോ ടൂറിസം കേന്ദ്രമായ കോന്നി ആനത്താവളത്തിൽ സുരക്ഷാ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സലീം, സതീഷ്, സജിനി, സുമയ്യ, ഷാജി എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയിരുന്നു.
അടൂർ കടമ്പനാട് സ്വദേശികളായ അജി-ശാരി ദമ്പതികളുടെ ഏകമകൻ അഭിരാമാണ് (4) വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചത്. കല്ലേരി അപ്പൂപ്പൻകാവ് ക്ഷേത്ര ദർശനത്തിന് ശേഷം മടക്കയാത്രയിൽ അമ്മയോടും ബന്ധുക്കളോടുമൊപ്പം ആനത്താവളത്തിലെത്തിയ അഭിരാം, ഫോട്ടോ എടുക്കാനായി ചുറ്റിപ്പിടിച്ച കോൺക്രീറ്റ് തൂൺ ഇളകി തലയിൽ വീഴുകയായിരുന്നു. നാലടി ഉയരമുള്ള തൂണിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിരാമിന്റെ സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് കടമ്പനാട്ടെ വീട്ടുവളപ്പിൽ നടക്കും.
സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സ് ആനത്താവളത്തിലേക്ക് മാർച്ച് നടത്തി. കുട്ടിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ അനാസ്ഥയാണ് ദാരുണമായ അപകടത്തിന് കാരണമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."