വാത്തുരുത്തി കനാലില്‍ മാലിന്യം തള്ളുന്നതായി പരാതി
മട്ടാഞ്ചേരി: നൂറ് കണക്കിനാളുകള്‍ തിങ്ങി താമസിക്കുന്ന വാത്തുരുത്തിക്ക് സമീപമുള്ള കനാലില്‍ മാലിന്യങ്ങള്‍ തള്ളുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു.
നേരത്തേ മാലിന്യങ്ങള്‍ നിറഞ്ഞിരുന്ന ഈ കനാല്‍ ലോക് അദാലത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വൃത്തിയാക്കിയെങ്കിലും മാലിന്യം തള്ളുന്നത് ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. ശുചിമുറി മാലിന്യം ഉള്‍പ്പെടെ രാത്രി കാലങ്ങളിലാണ് ഇവിടെ തള്ളുന്നത്. ആശുപത്രി മാലിന്യം, ഹോട്ടലില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍, അറവ് മാലിന്യങ്ങള്‍ എന്നിവ കൂടാതെ ഐലന്റിലെ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരുടെ മാലിന്യങ്ങളും ഇവിടെ തള്ളുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
നഗരസഭയുടേയും കുടുംബ ശ്രീയുടേയും ബോര്‍ഡുകള്‍ വെച്ച വാഹനങ്ങളും ഇവിടെ മാലിന്യം തള്ളുന്നതായി വ്യാപക ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
റെയില്‍വേ ലെവല്‍ ക്രോസ് ഭാഗത്തെ കനാലിലാണ് മാലിന്യം തള്ളുന്നത്.കനാലില്‍ മാലിന്യം നിറഞ്ഞതോടെ അസഹനീയമായ ദുര്‍ഗന്ധമാണ് ഈ ഭാഗത്ത്.ഇത് മൂലം ജനം ഭീതിയിലാണ്. ജനസാന്ദ്രത കൂടിയ പ്രദേശമായതിനാല്‍ സാംക്രമിക രോഗങ്ങള്‍ പടരുമോയെന്ന ആശങ്കയും നില നില്‍ക്കുന്നുണ്ട്.
മാലിന്യം തള്ളുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാത്തുരുത്തി ലാന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി വി മനോഹരന്‍ മേയര്‍,ജില്ലാ കളക്ടര്‍,പൊലീസ് കമ്മീഷ്ണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."