അന്തേവാസിയെ കാണാതായ സംഭവം: പ്രതിഷേധം ശക്തമായി
പറവൂര്‍: നഗരസഭയുടെ വൃദ്ധസദനത്തില്‍നിന്നും അന്തേവാസിയെ കാണാതായ സംഭവത്തില്‍ പ്രതിപക്ഷം ചെയര്‍മാന്റെ ചേമ്പറിനുമുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. നഗരസഭയുടെ കീഴിലുള്ള പറവൂര്‍ റിക്രിയേഷന്‍ ഗ്രൗണ്ടിന് സമീപത്തുള്ള ശരണാലയം വൃദ്ധസദനത്തില്‍ നിന്നും കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മന്നം പിടീയെക്കല്‍ വീട്ടില്‍ രവി (72) യെയാണ് കാണാതായത്.
സംഭവത്തില്‍ നഗരസഭ നിസംഗത കാണിക്കുകയാണെന്നും ശരണാലയം നടത്തിക്കൊണ്ടുപോകുന്ന സ്വകാര്യ ഏജന്‍സിയായ നടത്തിപ്പുകാരി സ്ഥാപനത്തിന്റെ പേരില്‍ വ്യാപക പണപ്പിരിവ് നടത്തുകയാണെന്നും ആരോപിച്ചായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍ ചെയര്‍മാന്റെ ചേമ്പറിനുമുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. അന്തേവാസിയെ കാണാതായതായി കരാറുകാരി പൊല്‌സില്‍ പരാതിനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പറവൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വൃദ്ധനെ കാണാതായിട്ട് ഒരാഴ്ച്ചയായിട്ടും ഈ സംഭവം നഗരസഭാ അധികൃതര്‍ രഹസ്യമാക്കിവച്ചിരുന്നതാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പ്രകോപിപ്പിച്ചത്. സ്ഥാപന നടത്തിപ്പുകാരി എറണാകുളം സ്വാദേശിനി രാധമേനോന്റെ നേതൃത്വത്തില്‍ വ്യാപകമായ ക്രമക്കേടുകളാണ് നടത്തിയിട്ടുള്ളതെന്നും ഇവരെ സംരക്ഷിക്കുന്ന നടപടികളാണ് ചെയര്‍മാനും ക്ഷേമകാര്യസ്ഥിരമസമിതി അദ്ധ്യക്ഷനും നടത്തുന്നതെന്നും പ്രതിപക്ഷം ഉന്നയിച്ചു. നഗരസഭ ഇത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനെതുടര്‍ന്ന് സാമൂഹ്യക്ഷേമവകുപ്പിന് പ്രതിപക്ഷം പരാതി നല്‍കിയിരിക്കയാണ്.
എന്നാല്‍ പ്രതിപക്ഷ സമരം അനാവശ്യമാണെന്നും നഗരസഭയില്‍ കുത്തിയിരുന്നെന്ന വാര്‍ത്ത തെറ്റാണെന്നും ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് പറഞ്ഞു. നഗരസഭയുടെ അധീനതയിലുള്ള സ്വാന്തനം ശരണാലയം എന്ന സ്ഥാപനം 2010 മുതല്‍ നടത്തുന്നത് ഒരു ചാരിറ്റബിള്‍ സംഘടനയാണ്. ഇവിടെനിന്നും അന്തേവാസിയെ കാണാതായ വിവരം നടത്തിപ്പുകാര്‍ നഗരസഭയെ അറിയിച്ചിരുന്നില്ല. വിവരം അറിഞ്ഞു അന്വേഷിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ടു പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അറിയാന്‍കഴിഞ്ഞു. ഇവരുടെ പ്രവര്‍ത്തനങ്ങളെകുറിച്ചും പണപ്പിരിവ് നടത്തിയതായുള്ള ആരോപണത്തെകുറിച്ചും കഴിഞ്ഞ കൗണ്‍സില്‍യോഗത്തില്‍ ചര്‍ച്ചചെയ്ത് ഇവരുടെ ലൈസന്‍സ് റദ്ദുചെയ്യാന്‍ സാമൂഹ്യക്ഷേമവകുപ്പിനു കത്തുനല്കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."