ഓണത്തെ വരവേല്‍ക്കാന്‍ പശ്ചിമകൊച്ചി ഒരുങ്ങി
മട്ടാഞ്ചേരി: പൊന്നോണത്തെ വരവേല്‍ക്കുന്നതിനായി പശ്ചിമകൊച്ചിയില്‍ ഒരുക്കങ്ങള്‍ തകൃതി. വിവിധ സംഘനകളുടേയും ക്ലബുകളുടേയും നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കൊച്ചിന്‍ വികസന വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓണനിലാവും സ്വാതി തിരുനാള്‍ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലുള്ള പൂവിളിയുമാണ് ടൂറിസം മേഖലയായ ഫോര്‍ട്ട്‌കൊച്ചിയിലെ പ്രധാന ആഘോഷ പരിപാടികള്‍. ഓണനിലാവ് പതിനൊന്നിന് അരി വിതരണത്തോടെയാണ് ആരംഭിക്കുക.
ഉത്രാട ദിവസം ഫോര്‍ട്ട്‌കൊച്ചി വാസ്‌ഗോാഡ ഗാമ സ്‌ക്വയറില്‍ നടക്കുന്ന സാസ്‌ക്കാരിക സമ്മേളനം കെ.ജെ മാക്‌സി എം.എല്‍.എ.ഉല്‍ഘാടനം ചെയ്യും.തുടര്‍ന്ന് തിരുവാതിരയും മറ്റ് നൃത്ത പരിപാടികളും അരങ്ങേറും.തിരുവോണ ദിവസം ഫോര്‍ട്ട്‌കൊച്ചി കൊത്തലംഗോയിലെ അന്തേവാസികളോടൊപ്പമാണ് ആഘോഷം. കലാകാരന്‍മാര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ പങ്കെടുക്കും. അവിട്ടം നാളില്‍ ഫോര്‍ട്ട്‌കൊച്ചി വാസ്‌ഗോഡ ഗാമ സ്‌ക്വയറില്‍ ഒഡീസി നൃത്തവും സംഗീത സദസ്സും അരങ്ങേറും. ചതയ ദിനത്തില്‍ നടക്കുന്ന സമാപന സമ്മേളനം മേയര്‍ സൗമിനി ജെയിന്‍ ഉല്‍ഘാടനം ചെയ്യും.ചടങ്ങില്‍ വിവിധ മേഖലയിലുള്ള പ്രമുഖരെ ആദരിക്കും.തുടര്‍ന്ന് കേരള നടനവും നാടന്‍ പാട്ടും അരങ്ങേറും.
സ്വാതി തിരുനാള്‍ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി ഇന്ന് ആരംഭിക്കും.മാവേലിയുടെ ശില്‍പ്പം അനാഛാദനം ചെയ്ത് കൊണ്ടാണ് പരിപാടി തുടങ്ങുക. പത്തിന് നടക്കുന്ന സമ്മേളനം പി.രാജീവ് ഉദ്ഘാടനം ചെയ്യും. തിരുവോണ നാളില്‍ ഫോര്‍ട്ട്‌കൊച്ചി ഞാലിപ്പറമ്പില്‍ നിന്ന് വെളിയിലേക്ക് സാംസ്‌കാരിക ഘോഷയാത്രയും നടക്കും.കുമ്പളങ്ങി മോഡല്‍ ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുമ്പളങ്ങിയില്‍ ശനിയാഴ്ച നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ വിദേശികളും പങ്കെടുക്കും. ഇതിന് പുറമേ പള്ളുരുത്തി ദേശാഭിമാനി ആര്‍ട്‌സ് സെന്റര്‍, നന്മ ക്ലബ്ബ്, സ്വദേശി സാംസ്‌കാരിക വേദി എന്നിവയുടെ നേതൃത്വത്തിലും ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."