മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം: മുഖ്യമന്ത്രി
കൊച്ചി: ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓണാഘോഷങ്ങള്‍ക്ക് തുടക്കംക്കുറിച്ച് തൃപ്പൂണിത്തുറയില്‍ നടന്ന അത്തച്ചമയഘോഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമുദായിക സൗഹാര്‍ദവും സ്നേഹവും കലുഷിതമാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈവിധ്യം നിറഞ്ഞതാണ് നമ്മുടെ കലാസാംസ്കാരിക രംഗം. അതില്‍ ഏതെങ്കിലും ചിലത് പാടില്ല എന്നുപറഞ്ഞ് ആരും മുന്നോട്ടുവരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മതാതീതമായ ഐക്യം എല്ലാ മനുഷ്യര്‍ക്കുമിടയിലും നിലനിര്‍ത്തണമെന്ന സന്ദേശമാണ് അത്തച്ചമയഘോഷയാത്ര നല്‍കുന്നത്. ഈ സന്ദേശം സര്‍വകാലിക പ്രസക്തമാണ്. മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രി അത്തപ്പതാക ഉയര്‍ത്തിയതോടെ രാജനഗരിയില്‍ വര്‍ണവിസ്മയങ്ങള്‍ തീര്‍ത്ത് ഘോഷയാത്രയ്ക്ക് തുടക്കമായി. മാവേലി, പ്രച്ഛന്നവേഷങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, ശിങ്കാരിമേളം, അമ്മന്‍കുടം, പുലികളി, വേലകളി, ചിന്തുമേളം, ഭഗവതിതെയ്യം, പടയണിമേളം, പൊട്ടന്‍തെയ്യം, പൂക്കാവടി, വനിതകളുടെ ശിങ്കാരിമേളം, ഓട്ടന്തുള്ളല്, പറയന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍, തിറ, മയൂരനൃത്തം, ദേവീനൃത്തം, കരകാട്ടം, യേശുദേവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, പഞ്ചവര്ണകാളി നൃത്തം, മുളം ചെണ്ടമേളം, യക്ഷഗാനം തുടങ്ങിയ കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു.
ചടങ്ങില്‍ എം. സ്വരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭയുടെ ഉപഹാരം വൈസ് ചെയര്മാന് ഒ.വി സലിം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ചന്ദ്രിക ദേവി, എം.എല്‍.എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, അനൂപ് ജേക്കബ്, മുന്‍ എം.പി പി. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."