കെ.ബാബുവിന്റെ വീട്ടിലെ റെയ്ഡ് രേഖകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികളുടെയും വീടുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത രേഖകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. പിടിച്ചെടുത്ത നൂറിലധികം രേഖകളായിരിക്കും വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിക്കുക. ഇതില്‍ തുടരന്വേഷണത്തിന് ആവശ്യമുള്ള രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍ വാങ്ങും.
കെ ബാബുവിന്റെ വീട്ടില്‍ നിന്ന് 30 ഓളം രേഖകളും ബാബുവിന്റെ മുഖ്യബിനാമിയെന്ന് വിജിലന്‍സ് കണ്ടെത്തിയ ബാബുറാമിന്റെ വീട്ടില്‍ നിന്ന് 85 ഓളം രേഖകളുമാണ് കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ വിജിലന്‍സ് പിടിച്ചെടുത്തത്.
കസ്റ്റഡിയില്‍ വാങ്ങുന്ന രേഖകളുടെ പരിശോധന ഇന്നുതന്നെ നടക്കും. തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ നടപടികളാരംഭിക്കും.
ബാബുവിന്റെ ബിനാമികളെന്ന് വിജിലന്‍സ് പറയുന്ന ബാബുറാം, മോഹനന്‍ എന്നിവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. എന്നാല്‍ ഇതിനു മുന്‍പ് കേസില്‍ സാക്ഷികളാകാന്‍ സാധ്യതയുള്ളവരുടെ മൊഴികള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിനുശേഷമായിരിക്കും കെ.ബാബുവിനെ ചോദ്യം ചെയ്യുക.
ബാബുവിന്റെയും മകളുടെയും പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകളും മക്കളുടെ പേരിലുള്ള രണ്ട് ലോക്കറുകളുമാണ് വിജിലന്‍സ് മരവിപ്പിച്ചിട്ടുള്ളത്. എസ്.ബി.ടിയുടെ തൃപ്പൂണിത്തുറ ശാഖയില്‍ ബാബുവിന് നാല് അക്കൗണ്ടുകളും മകളുടെ പേരില്‍ ഇവിടെ ഒരു അക്കൗണ്ടുമുണ്ട്. ഇത് മരവിപ്പിക്കാന്‍ ശനിയാഴ്ച തന്നെ ബാങ്ക് അധികൃതര്‍ക്ക് കത്തു നല്‍കുകയായിരുന്നു.
ഇത് കൂടാതെ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും ബാബുവിനും ബന്ധുക്കള്‍ക്കും ഉള്ളതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇത് മരവിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇന്ന് ഉണ്ടാകുമെന്നാണ് സൂചന. ബാങ്ക് അക്കൗണ്ടുകളിലൂടെ നടന്ന ഇടപാടുകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ബിനാമികളുമായി ബാബുവിന് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ പണമിടപാടുകള്‍ സഹായകമാകും. അതേസമയം ബാബുആദായനികുതി നല്‍കിയതിന്റെ വിവരങ്ങളും പരിശോധിക്കും.
തനിക്ക് കേരളത്തിനകത്തോ പുറത്തോ നിക്ഷേപമില്ലെന്നും ആദായനികുതി കൃത്യമായി നല്‍കുന്ന വ്യക്തിയാണെന്നും ബാബു റെയ്ഡിനിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ബിനാമികളെക്കുറിച്ച് അറിയില്ലെന്നാണ് റെയ്ഡിനിടെ വിജിലന്‍സ് അന്വേഷണ സംഘം മുന്‍പാകെ ബാബു പറഞ്ഞത്.
മോഹനന്‍ നടത്തുന്ന റോയല്‍ ബേക്കറി ശൃംഖലയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു ബേക്കറി ഉദ്ഘാടനം ചെയ്തിട്ടുണ്ട്, അതല്ലാതെ മോഹനനുമായി ഒരു ബന്ധവുമില്ലെന്നും ബാബു പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."