വര്‍ഗീയ പ്രസംഗം നടത്തിയ സലഫി പണ്ഡിതനെതിരേ മുജാഹിദ് നേതൃത്വം
കോഴിക്കോട്: കടുത്ത വര്‍ഗീയത പ്രചരിപ്പിക്കുന്ന പ്രസംഗം നടത്തിയ ശംസുദ്ദീന്‍ പാലത്ത് എന്ന സലഫി പണ്ഡിതനെതിരേ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി. ഭീകരതക്കെതിരേ കെ.എന്‍.എം പ്രചാണത്തിന്റെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച ഐ.എസ്.എം സംസ്ഥാന നേതൃസംഗമത്തിലാണ് വിദ്വേഷം വളര്‍ത്തുന്ന പ്രഭാഷണങ്ങളില്‍ നിന്നും മത പണ്ഡിതന്മാര്‍ വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് മദനി രംഗത്ത് വന്നത്. ഏഴു വര്‍ഷം മുന്‍പ് ഇയാള്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ നിരീക്ഷണത്തിലാണിദ്ദേഹം. ഇതര മതസ്ഥരോട് കൂടിച്ചേരലോ മാനസിക അടുപ്പമോ സ്‌നേഹബന്ധമോ ഒരിക്കലും ഉണ്ടാകരുതെന്നും അവരോട് സ്‌നേഹം പുലര്‍ത്തിയാല്‍ അവരെ ആകര്‍ഷിക്കാനാകില്ലെന്നും പറയുന്ന പ്രസംഗത്തില്‍ ശംസുദ്ദീന്‍ പാലത്ത് സഊദിയിലെ വിവാദ പണ്ഡിതനായ ശൈഖ് സ്വാലിഹ് ഫൗസാന്റെ പുസ്തകത്തെ ആധാരമാക്കിയാണ് ഏറെ പ്രതിലോമരകരമായ ആശയങ്ങള്‍ പ്രചരിപ്പിച്ചത്.
അറബ് നാടുകളിലെ ഏതെങ്കിലും പണ്ഡിതരെ അന്ധമായി അനുകരിക്കുന്നത് അബദ്ധമാണെന്നും ഇത്തരം ചില പണ്ഡിതര്‍ അവരുടെ നാടിന്റെ സാഹചര്യവും മറ്റും കണക്കിലെടുത്ത് എഴുതിയ പുസ്തകങ്ങള്‍ മതേതര ബഹുസ്വര സമൂഹത്തില്‍ ഭാഷാന്തരം ചെയ്ത് പ്രസംഗിക്കുമ്പോഴും എഴുതുമ്പോഴും ജാഗ്രത കാണിക്കണമെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു. മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ചില പണ്ഡിതര്‍ പ്രസംഗിച്ചത് അപകടകരമായ പ്രവണതയാണെന്നും ഇത്തരത്തില്‍ പ്രസംഗിക്കുന്നവര്‍ക്ക് പള്ളികളും മഹല്ലുകളും വേദിയാകുന്നത് കരുതലോടെ കാണണം. മതത്തിന്റെ മാനവിക സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പകരം വിദ്വേഷം വളര്‍ത്താനുള്ള നീക്കം അത്യന്തം ആപത്താണെന്നും ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.
ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷനായി. പികെ സക്കരിയ്യ, നിസാര്‍ ഒളവണ്ണ, ശബീര്‍ കൊടിയത്തൂര്‍, അലിഅക്ബര്‍ ഇരിവേറ്റി, ശരീഫ് മേലേതില്‍, എം.എസ്.എം സെക്രട്ടറി കെ. സിറാജുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."