ശമ്പള വിതരണം: വലപ്പാട് എ.ഇ.ഒയുടെ നിര്‍ദേശം വിവാദമാകുന്നു
വാടാനപ്പള്ളി: അധിക അധ്യാപകരുടെ ശമ്പള വിതരണത്തില്‍ വലപ്പാട് എ.ഇ.ഒയുടെ നിര്‍ദേശം വിവാദമാകുന്നു. വലപ്പാട് ഉപജില്ലയിലെ അധിക അധ്യാപകര്‍ക്ക് ജൂണ്‍, ജൂലായ് മാസങ്ങളിലെ ശമ്പളം നല്‍കിയ പ്രധാനാധ്യാപകര്‍ക്ക് ഭീഷണിയുമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ രംഗത്ത്.
ശമ്പളം നല്‍കിയതിന് പ്രധാനാധ്യാപകര്‍ മാത്രമാണ് ഉത്തരവാദി എന്നെഴുതി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒപ്പിട്ട പുറത്തെഴുത്ത് സര്‍ക്കുലറാണ് സെപ്റ്റംബര്‍ ഒന്നാം തിയ്യതി സ്‌കൂളുകളിലേക്ക് എത്തിയത്. ഇതു മൂലം സംഘടനാ നേതാക്കളുടെ ഉറപ്പില്‍ അധിക അധ്യാപകര്‍ക്ക് ശമ്പളം എടുത്തു നല്‍കിയ പ്രധാനാധ്യാപകര്‍ വെട്ടിലായി. പല പ്രധാനാധ്യാപകരും അധിക അധ്യാപകരോട് ജൂണ്‍, ജൂലായ് മാസങ്ങളിലെ ശമ്പളം മടക്കി അടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ കേരളത്തില്‍ മുവായിരത്തി എണ്ണൂറോളം വരുന്ന അധിക അധ്യാപകര്‍ക്ക് ഏപ്രില്‍, മെയ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഓണം അലവന്‍സും സെപ്റ്റംബര്‍ മൂന്നിന് തന്നെ നല്‍കണമെന്നും ജൂണ്‍, ജൂലായ് മാസങ്ങള്‍ അവധിയായി ക്രമീകരിച്ച് അവധിയുടെ ശമ്പളം നല്‍കണമെന്നുമാണ് സെപ്റ്റംബര്‍ ഒന്നിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി പ്രധാനാധ്യാപകര്‍ക്ക് ഉത്തരവ് നല്‍കിയിട്ടുള്ളത്. ബന്ധപ്പെട്ട എ.ഇ.ഒ, ഡി.ഇ.ഒമാര്‍ ഇതിന് മേല്‍നോട്ടം വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
വസ്തുത ഇങ്ങനെയായിരിക്കെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ നടപടി കടുത്ത അനീതിയാണെന്ന് സംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. മറ്റ് എ.ഇ.ഒമാരോ ഡി.ഇ.ഒമാരോ ഇത്തരത്തിലുള്ള ഒരു നിര്‍ദേശം നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നേരത്തെ അധിക അധ്യാപകര്‍ക്ക് ശമ്പളം നല്‍കരുതെന്ന് പ്രധാനാധ്യാപകരുടെ കോണ്‍ഫറന്‍സില്‍ എ.ഇ.ഒയും എച്ച്.എം ഫോറം കണ്‍വീനറും പറഞ്ഞത് വിവാദമായിരുന്നു. അതേ തുടര്‍ന്നാണ് അധ്യാപക സംഘടനകള്‍ ചേര്‍ന്ന് അധ്യാപക സംരക്ഷണ സമിതി രൂപീകരിച്ചത്. വലപ്പാട് എ.ഇ.ഒയുടെ ഈ അധ്യാപക വിരുദ്ധ നിലപാടില്‍ വലപ്പാട് ഉപജില്ല അധ്യാപക സംരക്ഷണ സമിതി പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."