അക്ഷയ സെന്ററുകളുടെ ചൂഷണവും നൂലാമാലകളും; പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷകര്‍ കുറയുന്നു
കോഴിക്കോട്: മുസ്്‌ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ മതവിഭാഗങ്ങളിലെ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷകര്‍ കുറയുന്നു.
ഒരു ലക്ഷത്തില്‍താഴെ വരുമാനമുള്ള കുടുംബത്തിലെ അവസാന വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്കുനേടിയ വിദ്യാര്‍ഥികള്‍ക്ക് ആയിരം രൂപയാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക. എന്നാല്‍, അപേക്ഷയുമായി ബന്ധപ്പെട്ട നൂലാമാലകളും നോട്ടിഫിക്കേഷനിലെ അവ്യക്തതകളും കാരണം രക്ഷിതാക്കളും അധ്യാപകരും ഇതില്‍നിന്ന് പിന്തിരിയുകയാണ്. കഴിഞ്ഞവര്‍ഷങ്ങളില്‍ അപേക്ഷിച്ചവരില്‍ പലര്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തതും ആയിരം രൂപയ്ക്കായി ദിവസങ്ങളോളം നെട്ടോട്ടമോടേണ്ടിവരുന്നതും രക്ഷിതാക്കളെ പിന്തിരിപ്പിക്കുന്നുണ്ട്. അതേസമയം, അപേക്ഷകള്‍ അപ്്‌ലോഡ് ചെയ്യുന്ന അക്ഷയ സെന്ററുകള്‍ ഈ അവസരം ചൂഷണംചെയ്ത് സേവനങ്ങള്‍ക്ക് അമിത ഫീസ് ഈടാക്കുന്നതായും ആരോപണമുണ്ട്.
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയതാണോ വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയതാണോ വേണ്ടതെന്നതില്‍ അവ്യക്തതയുണ്ട്. കൂടാതെ വിദ്യാലയത്തില്‍നിന്ന് നല്‍കേണ്ട സ്‌കൂള്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ഥിയുടെ ഫോട്ടോ, രക്ഷിതാവോ കുട്ടിയോ സാക്ഷ്യപ്പെടുത്തിയ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, കഴിഞ്ഞ വാര്‍ഷിക പരീക്ഷയിലെ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്.
ട്യൂഷന്‍ ഫീസ് നല്‍കുന്ന വിദ്യാര്‍ഥികള്‍ അതിന്റെ രസീതും കൂടെ സമര്‍പ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതുപ്രകാരം ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസിന്റെ രസീതുകള്‍ മുഴുവന്‍ അപ്്‌ലോഡ് ചെയ്യേണ്ടിവരും. കഴിഞ്ഞവര്‍ഷം ഇതേ ഫോമുകള്‍ അപ്്‌ലോഡ്‌ചെയ്ത് അപേക്ഷിച്ചവര്‍ ഈ വര്‍ഷവും ഈ രേഖകളെല്ലാം സമര്‍പ്പിക്കണം.
രക്ഷിതാക്കളാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. മുന്‍വര്‍ഷങ്ങളില്‍ വിദ്യാലയങ്ങളില്‍ അപേക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. കഴിഞ്ഞവര്‍ഷങ്ങളില്‍ അപേക്ഷിച്ചിട്ടും സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തതുകാരണം അധ്യാപകര്‍ക്കു പഴികേള്‍ക്കേണ്ടി വന്നിരുന്നു.
ഇതുകാരണം പല സ്‌കൂള്‍ അധികൃതരും ഈ തവണ ചുമതല രക്ഷിതാക്കളെതന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ അവസരം അക്ഷയ സെന്ററുകള്‍ ചൂഷണം ചെയ്യുന്നതായാണ് പരാതി. അക്ഷയയിലെ മറ്റു സേവനങ്ങള്‍ക്ക് കൃത്യമായ ഫീസുണ്ട്. എന്നാല്‍, പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന്റെ അപേക്ഷക്ക് സര്‍ക്കാരോ അക്ഷയ സെന്റര്‍ ഉടമകളുടെ സംഘടകളോ കൃത്യമായ ഫീസ് നിശ്ചയിച്ചിട്ടില്ല. ഇതുകാരണം പലരും പല ഫീസുകളാണ് വാങ്ങുന്നത്. മൂന്നു രൂപയ്ക്ക് ബുക്ക് സ്റ്റാളുകളില്‍ ലഭിക്കുന്ന അപേക്ഷാ ഫോമിന് അക്ഷയയില്‍ നല്‍കേണ്ടത് 25 രൂപ വരെയാണ്. ഒന്‍പതോളംവരുന്ന ഫോമുകള്‍ സ്‌കാന്‍ ചെയ്ത് അപ്്‌ലോഡ് ചെയ്യുന്നതിന് 80 മുതല്‍ 120 രൂപ വരെയാണ് വാങ്ങുന്നത്.
ചില പ്രദേശങ്ങളില്‍ ഏകീകൃത ഫീസുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഫീസ് നിരക്കുകള്‍ വ്യത്യസ്തമാണ്. ചില അക്ഷയ സെന്ററുകള്‍ സേവനം ചെയ്തുനല്‍കാതെ വിദ്യാര്‍ഥികളെ മടക്കുന്നതായും പരാതിയുണ്ട്. എന്നാല്‍, വെബ്‌സൈറ്റ് തകരാര്‍കാരണം പലപ്പോഴും അപേക്ഷിക്കാന്‍ കഴിയാതെ വരുന്നതായാണ് അക്ഷയ അധികൃതര്‍ പറയുന്നത്. സെപ്റ്റംബര്‍ 30 വരെയാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."