തോട്ടം തൊഴിലാളികളോടുള്ള സര്‍ക്കാര്‍ അവഗണന തുടരുന്നു
കല്‍പ്പറ്റ: മൂന്നു ലക്ഷത്തോളം തൊഴിലാളികളും കുടുംബങ്ങളും ഉള്‍ക്കൊള്ളുന്ന തോട്ടം മേഖലയോടുള്ള സര്‍ക്കാരുകളുടെ അവഗണന തുടരുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് മൂന്നാറില്‍ ആരംഭിച്ച് സംസ്ഥാനമാകെ വ്യാപിച്ച തോട്ടം തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രഖ്യാപനം മാത്രമായി അവശേഷിക്കുകയാണ്.
ഇതോടെ കൂടുതലായും തോട്ടം മേഖലയെ ആശ്രയിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലെ തൊഴിലാളികളാണ് ലയങ്ങളില്‍ ദുരിതജീവിതം നയിക്കുന്നത്.
വേതന, ബോണസ് വര്‍ധനവ്, ആധുനിക ചികിത്സാ സൗകര്യങ്ങള്‍, ലയങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ സമരമുഖത്തെത്തിയത്. 17 ദിവസം നീണ്ടുനിന്ന സമരത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മിനിമം വേതനം വര്‍ധിപ്പിച്ചതോടെയാണ് സമരം അവസാനിപ്പിച്ചിരുന്നത്. മിനിമം വേതനം 500 രൂപ ആവശ്യപ്പെട്ട തൊഴിലാളികള്‍ക്ക് തേയില തോട്ടങ്ങളില്‍ 301, കാപ്പി, ഏലം തോട്ടങ്ങളില്‍ 330, റബര്‍ തോട്ടങ്ങളില്‍ 381 എന്നിങ്ങനെയാണ് അനുവദിച്ചത്.
എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന പി.എല്‍.സി യോഗത്തില്‍ ധാരണയായ പല ആനുകൂല്യങ്ങളും ഇന്നും തൊഴിലാളികള്‍ക്ക് കിട്ടാക്കനിയാണ്. തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ഏകാംഗ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും തുടര്‍നടപടികളുണ്ടായിട്ടില്ല.
തൊഴിലാളി സമരത്തിന് മുന്‍പന്തിയിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറി നൂറുദിനം പിന്നിട്ടിട്ടും തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. സമരത്തിനുശേഷം എസ്റ്റേറ്റ് മാനേജ്‌മെന്റുകള്‍ തൊഴിലാളികള്‍ക്കെതിരേ പ്രതികാരനടപടികളെടുത്തപ്പോള്‍ പ്രതിഷേധിക്കാതിരുന്ന ട്രേഡ് യൂനിയനുകളുടെ നിലപാടില്‍ തൊഴിലാളികള്‍ക്കിടയില്‍തന്നെ പ്രതിഷേധം ശക്തമാണ്. യൂനിയനുകളെ മാറ്റിനിര്‍ത്തി മൂന്നാറില്‍ സ്ത്രീ തൊഴിലാളികള്‍ സമരത്തിന് ഇറങ്ങിയതോടെയാണ് ഗത്യന്തരമില്ലാതെ മറ്റു ജില്ലകളില്‍ ട്രേഡ് യൂനിയനുകള്‍ സമരം ആരംഭിച്ചത്.
എന്നാല്‍, പെണ്‍പിളൈ ഒരുമൈ സമരത്തെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് കമ്പനി ഏകപക്ഷീയമായി പ്രഖ്യാപിച്ച 8.33 ശതമാനം ബോണസും എക്‌സ് ഗ്രേഷ്വേ 11.67 ഉം ഉള്‍പ്പെടെ 20 ശതമാനം ലഭിച്ചെങ്കിലും മറ്റു ജില്ലകളിലെ തൊഴിലാളികള്‍ക്ക് ഇത് നിഷേധിക്കുകയായിരുന്നു.
ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപനത്തിലൊതുക്കിയപ്പോള്‍ സമരംകൊണ്ട് നേട്ടമുണ്ടാക്കിയത് തൊഴിലാളികള്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെട്ട ട്രേഡ് യൂനിയനുകള്‍ മാത്രമാണെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."