ഓണം- പെരുന്നാള്‍ തിരക്കിനു പ്രത്യേക ട്രെയിനുകളില്ല
കണ്ണൂര്‍: ഓണം- ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി എത്തുന്ന യാത്രക്കാരുടെ തിരക്ക് ഏറിയിട്ടും പ്രത്യേക ട്രെയിന്‍ അനുവദിക്കാതെ റെയില്‍വേ. ആഘോഷങ്ങള്‍ക്കു സ്വന്തം നാട്ടിലെത്തുന്ന മലയാളികളാണു പ്രത്യേകട്രെയിന്‍ അനുവദിക്കാത്ത റെയില്‍വേ നടപടിയില്‍ കൂടുതല്‍ ബുദ്ധിമുട്ടുക. മംഗളൂരു- ചെന്നൈ, മംഗളൂരു- തിരുവനന്തപുരം, തിരുവനന്തപുരം- ലോക്മാന്യതിലക് റൂട്ടുകളിലൊന്നും റെയില്‍വേ ഇക്കുറി സ്‌പെഷല്‍ ട്രെയിനുകള്‍ അുവദിച്ചിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ ഉത്സവസമയത്തെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാന്‍ പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ ഒരുക്കിയിരുന്നു. സെപ്റ്റംബര്‍ പത്തുമുതല്‍ 20 വരെ ഈ റൂട്ടുകളില്‍ സര്‍വിസ് നടത്തുന്ന ട്രെയിനുകളുടെ ടിക്കറ്റ് മാസങ്ങള്‍ക്കു മുമ്പേ തീര്‍ന്നിരുന്നു.
ചെന്നൈ- മംഗളൂരു മെയില്‍, സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളിലെ സ്ലീപ്പര്‍ ക്ലാസുകളില്‍ സെപ്റ്റംബര്‍ 10, 17, 18 തിയതികളില്‍ 150നു മുകളിലാണു വെയിറ്റിങ് ലിസ്റ്റ്. തിരുവനന്തപുരം- മംഗളൂരു മാവേലി എക്‌സ്പ്രസില്‍ ഒന്‍പതിനു 159, പത്തിനു 144 എന്നിങ്ങനെയാണു ഇന്നലത്തെ സ്ലീപ്പര്‍ കോച്ച് വെയിറ്റിങ് ലിസ്റ്റ്. ഈറൂട്ടില്‍ തന്നെയുള്ള മലബാര്‍ എക്‌സ്പ്രസില്‍ ഒന്‍പതിനു 164, പത്തിനു 107 എന്നിങ്ങനെയാണു ഇന്നലെ വൈകുന്നേരത്തെ സ്ലീപ്പര്‍ ടിക്കറ്റിനുള്ള വെയിറ്റിങ് ലിസ്റ്റ്. തിരുവനന്തപുരത്ത് ജോലിചെയ്യുന്ന ആയിരക്കണക്കിനു സര്‍ക്കാര്‍ ജീവനക്കാര്‍ മലബാര്‍ മേഖലയിലുണ്ട്. ചെന്നൈയിലും ഒട്ടേറെ പേര്‍ ജോലിചെയ്യുന്നു. ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ജനശതാബ്ദി, തിരുവനന്തപുരം, മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകളുടെ ഓണത്തിനും ബലിപെരുന്നാളിനും അടുത്തടുത്ത ദിവസങ്ങളിലെ ടിക്കറ്റുകള്‍ ഒരുമാസം മുമ്പേ തീര്‍ന്നു.
ഉത്തരേന്ത്യയില്‍ നിന്നു കേരളത്തിലേക്കു സര്‍വിസ് നടത്തുന്ന ട്രെയിനുകളിലും പെരുന്നാളിനും ഓണത്തിനും അടുപ്പിച്ചുള്ള ദിവസങ്ങളില്‍ ടിക്കറ്റ് കിട്ടാനില്ല. എന്നാല്‍ തിരക്ക് തുടങ്ങിയതോടെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനും അധികൃതര്‍ തയാറായിട്ടില്ല. നിലവില്‍ 20, 21 എന്നിങ്ങനെയാണ് ഈ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം. നിലവില്‍ ഈ ട്രെയിനുകളുടെ ജനറല്‍ കോച്ചുകളിലും കാലുകുത്താനിടമില്ലാത്ത വിധം തിരക്ക് അനുഭവപ്പെടുന്നുണ്ട്. മലയാളികള്‍ക്കു പുറമെ കേരളത്തില്‍ ജോലി ചെയ്യുന്ന മറുനാട്ടിലുള്ളവരും ഈ സമയത്താണു നാട്ടിലേക്കു തിരിക്കുക.
കൂടുതല്‍ ദിവസം തുടര്‍ച്ചയായ അവധി ലഭിക്കുന്നതും ശമ്പളവും ബോണസുമെല്ലാം ഒരുമിച്ച് ലഭിക്കുന്നതും കാരണം കേരളത്തില്‍ ജോലിചെയ്യുന്ന ഭൂരിഭാഗം മറുനാട്ടുകാരും ഓണം സീസണില്‍ നാട്ടിലേക്കു തിരിക്കുന്നവരാണ്. ഉത്തരേന്ത്യന്‍ റൂട്ടുകളില്‍ ടിക്കറ്റ് ലഭിക്കാത്തതും പ്രത്യേക ട്രെയിന്‍ സര്‍വിസ് നടത്താത്തതും ഇവര്‍ക്കും ദുരിതമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."