പെരുന്നാളും ഓണവും ഒന്നിച്ചെത്തി വിമാനക്കമ്പനികള്‍ക്ക് ചാകര; യാത്രക്കാര്‍ക്ക് ദുരിതം
കൊണ്ടോട്ടി: ബലിപെരുന്നാള്‍, ഓണം മുന്‍നിര്‍ത്തി ഗള്‍ഫില്‍ നിന്നുനാട്ടിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കും ഉയര്‍ത്തി. പെരുന്നാളും ഓണവും ഒന്നിച്ചെത്തിയതാണ് വിമാനക്കമ്പനികള്‍ക്ക് ചാകരയായത്. റംസാന്‍ അവധി കഴിഞ്ഞ് ഗള്‍ഫിലേക്കുളള തിരക്ക് മുന്‍നിര്‍ത്തി വിമാനക്കമ്പനികള്‍ ജൂലൈ മുതല്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരുന്നു. ഇതിനു പിറകെയെത്തിയ ഹജ്ജ് സീസണിലും നിരക്കുയര്‍ത്തിയ വിമാനക്കമ്പനികള്‍ക്ക് ബലിപെരുന്നാള്‍, ഓണം എന്നിവ ഒന്നിച്ചെത്തിയതിനാലാണ് വീണ്ടും വിമാനടിക്കറ്റിലെ പണക്കൊയ്ത്തിന് അവസരം കൈവന്നത്. ദുബൈ, അബൂദബി, ഷാര്‍ജ, മസ്‌ക്കത്ത്, ദോഹ, സഊദി സെക്ടറില്‍ നിന്നെത്തുന്ന വിമാനങ്ങളെല്ലാം നിറഞ്ഞാണ് ഇപ്പോള്‍ കരിപ്പൂരിലെത്തുന്നത്. കുറഞ്ഞ അവധിക്ക് നാട്ടിലെത്തുന്നവരാണ് ഏറെപ്പേരും. എന്നാല്‍ ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റെടുത്ത് നാട്ടിലെത്തേണ്ട ഗതികേടിലാണിവര്‍.
ചിലവ് കുറഞ്ഞ ബജറ്റ് എയര്‍ലൈനുകള്‍ വരെ നിലവില്‍ പൊളളുന്ന നിരക്കാണ് ഈടാക്കുന്നത്. കരിപ്പൂരിലേക്ക് ദുബൈ, ഷാര്‍ജ, അബൂദബി മേഖലയിലേക്ക് 5500 മുതല്‍ 7000 രൂപവരെയുണ്ടായിരുന്ന നിരക്ക് 15,000 മുതല്‍ 20,000 രൂപവരെ നല്‍കേണ്ട ഗതികേടിലാണ്. ഖത്തര്‍, ദോഹ, ബഹ്‌റൈന്‍, കുവൈത്ത് ഉള്‍പ്പടെയുളള രാജ്യങ്ങളിലേക്കെല്ലാം നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. സഊദിയിലേക്കുളള കണക്ഷന്‍ വിമാനത്തില്‍ ടിക്കറ്റ ്കിട്ടണമെങ്കില്‍ 30,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. കരിപ്പൂരില്‍ ജെമ്പോ സര്‍വിസുകളില്ലാത്തതിനാല്‍ ജിദ്ദ, റിയാദ് മേഖലയിലേക്ക് പലരും കണക്ഷന്‍ സര്‍വിസുകളെയാണ് ആശ്രയിക്കുന്നത്. ഇത് മുന്‍കൂട്ടിക്കണ്ട് ഇത്തരം സര്‍വിസുകള്‍ക്കും നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
എയര്‍ ഇന്ത്യ, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വേസ്, ഇത്തിഹാദ് എയര്‍ തുടങ്ങി വിദേശത്തേക്കുള്ള വിമാനക്കമ്പനികളെല്ലാം നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.സാധാരണ നിരക്കിന്റ മൂന്നിരട്ടി നല്‍കിയാല്‍ മാത്രമെ ഇപ്പോള്‍ വിമാനടിക്കറ്റ് ലഭിക്കുകയുള്ളൂ. സീസണ്‍ നിരക്ക് വര്‍ധനവ് യാത്രക്കാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. നിലവിലെ നിരക്കിനേക്കാള്‍ 5000 മുതല്‍ 10,000 രൂപ വരെ നിരക്ക് നല്‍കിയാണ് യാത്രക്കാര്‍ കുടംബത്തോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നത്. ഓഗസ്റ്റില്‍ ഹജ്ജ് സീസണ്‍ ആയതിനാല്‍ വര്‍ധിപ്പിച്ച നിരക്ക് താഴ്ത്താന്‍ വിമാനക്കമ്പനികള്‍ തയാറായിരുന്നില്ല. ഇത് സെപ്റ്റംബറിലും തുടരുകയാണ്. ബലിപെരുന്നാള്‍, ഓണം സീസണില്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കും ടിക്കറ്റിന് വന്‍ തുക നല്‍കേണ്ടി വരും. ബലിപെരുന്നാള്‍ സീസണില്‍ തന്നെയാണ് ഇത്തവണ ഓണവുമെത്തിയത് എന്നതിനാല്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് യാത്രക്കാരുടെ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."