സമ്പൂര്‍ണ ശൗചാലയ പദ്ധതി 30ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം
ആലപ്പുഴ: കേരളം സമ്പൂര്‍ണ ശൗചാലയ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നടന്നുവരുന്ന സാനിട്ടറി കക്കൂസുകളുടെ നിര്‍മാണം സെപ്തംബര്‍ 30നു മുമ്പ് പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജില്ലാതല ഉദ്യോഗസ്ഥരുടെയും ബി.ഡി.ഒ. മാരുടെയും ശുചിത്വമിഷന്‍ ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു കളക്ടര്‍.
വെളളക്കെട്ട് പ്രദേശങ്ങളിലും മറ്റ് ദുര്‍ഘട പ്രദേശങ്ങളിലും കക്കൂസുകളുടെ നിര്‍മാണത്തിന് അധികസഹായം ആവശ്യമെങ്കില്‍ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ തുക അനുവദിക്കും. തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, ചമ്പക്കുളം, മാവേലിക്കര, ചെങ്ങന്നൂര്‍ ബ്ലോക്കുകള്‍ നിര്‍മാണ പുരോഗതിയില്‍ മുന്നേറാനുണ്ടെന്ന് യോഗം വിലയിരുത്തി.
25 ശതമാനത്തില്‍ കുറവ് പുരോഗതി കൈവരിച്ച ഗ്രാമപഞ്ചായത്തുകളില്‍ ജില്ലാബ്ലോക്ക് തല ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി പുരോഗതി വിലയിരുത്തും. ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ ജീവനക്കാരുടെയും സഹകരണം നിര്‍മാണത്തിന് ഉറപ്പുവരുത്താന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയില്‍ 1,200 സാനിട്ടറി കക്കൂസുകള്‍ നിര്‍മിച്ചുവരുന്നതായി ജില്ലാ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു.
ഓണക്കാലത്തെ അവധി ദിനങ്ങളിലും നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ സേവനം ജില്ലാതല ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി. വിജയകുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബിജോയ് കെ. വര്‍ഗ്ഗീസ്, ദാരിദ്ര്യലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ.ആര്‍. ദേവദാസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി. സുദര്‍ശനന്‍, ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."