എട്ടിന് സുനാമിയെത്തും; ആരും ഭയക്കേണ്ട, നേരിടാന്‍ അന്താരാഷ്ട്ര സംഘമുണ്ടാകും പുതിയങ്ങാടി വില്ലേജിലെ കടലോര പ്രദേശത്താണ് മോക്ഡ്രില്‍ നടക്കുക
കോഴിക്കോട്: സുനാമി ദുരന്തനിവാരണ തയാറെടുപ്പുകളും വിനിമയ സംവിധാനങ്ങളും പരിശോധിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട സംവിധാനം ആവിഷ്‌കരിക്കുന്നതിനുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഹൈദരാബാദ് ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുനാമി മോക്ഡ്രില്‍ എട്ടിനു തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നടക്കും. പുതിയങ്ങാടി വില്ലേജിലെ കടലോര പ്രദേശമാണ് കോഴിക്കോട് ജില്ലയിലെ മോക് ഡ്രില്ലിനായി തിരഞ്ഞെടുത്തിരിക്കുന്നത്. യുനസ്‌കോയുടെ ആഭിമുഖ്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്താരാഷ്ട്ര സുനാമി മോക്ഡ്രില്‍ ഏഴ്, എട്ട് തിയതികളില്‍ നടക്കുന്നതിന്റെ ഭാഗമായാണിത്.
ആദ്യ ഭൂചലനം ഏഴിനു രാവിലെ 8.30ന് സുമാത്രയില്‍ 9.2 തീവ്രതയിലും രണ്ടാമത്തേത് എട്ടിന് 11.30ന് പാക് തീരത്തെ മക്രാന്‍ മേഖലയില്‍ 9.0 തീവ്രതയിലും ഉണ്ടാകുന്നതായി സങ്കല്‍പ്പിച്ചാണ് സുനാമി മുന്നറിയിപ്പ് നല്‍കുക. ഹൈദരാബാദിലെ ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ഇന്ത്യന്‍ സുനാമി മുന്നറിയിപ്പ് കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന 15 പ്രത്യേക ബുള്ളറ്റിന്‍ വഴി വിവരങ്ങള്‍ എല്ലാ കേന്ദ്രങ്ങളിലും എത്തിക്കുന്നതാണ് അടുത്ത ഘട്ടം. ഇതുപ്രകാരം സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ നല്‍കുന്ന നിര്‍ദേശമനുസരിച്ച് സുനാമി തിരമാലകള്‍ അടിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് അപായ സാധ്യതയുള്ള ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കും.
മോക്ഡ്രില്ലിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് 'സുനാമിയും ജീവന്‍ രക്ഷാപ്രവര്‍ത്തനവും' വിഷയത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പരിശീലന ക്ലാസ് നല്‍കും. പൊതുജനങ്ങളില്‍ ഭയം വിതയ്ക്കാനല്ല, അവരുടെ കൂടെ സഹകരണവും സഹായവും കൊണ്ട് കാര്യക്ഷമവും ഫലപ്രദവുമായ ബോധവല്‍ക്കരണവും സുരക്ഷാ ക്രമീകരണവും ഒരുക്കുന്നതിനാണ് മോക്ഡ്രില്‍ നടത്തുന്നതെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ) ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. മോക്ഡ്രില്ലിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അസി. കലക്ടര്‍ കെ. ഇമ്പശേഖര്‍, എ.ഡി.എം ടി. ജനില്‍ കുമാര്‍, കോസ്റ്റല്‍ ഗാര്‍ഡ് പ്രതിനിധി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."