അരീക്കരക്കുന്ന് ബി.എസ്.എഫ് കേന്ദ്രത്തില്‍ നിന്ന് ഭടന്മാരെ പിന്‍വലിച്ചു പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുമോ?
പാറക്കടവ്: ചെക്യാട് അരീക്കരക്കുന്നില്‍ ഏറെ പ്രതീക്ഷയോടെ നിര്‍മാണം പൂര്‍ത്തിയാകുന്ന ബി.എസ്.എഫ് കേന്ദ്രത്തില്‍ നിന്ന് ഭടന്മാരെ പിന്‍വലിച്ചു. ഇതോടെ കേന്ദ്രത്തിന്റെ പ്രാധാന്യം കുറഞ്ഞുവരുന്നുണ്ടോയെന്ന നിരീക്ഷണം ശക്തമായി. ചുരുക്കം ഭടന്മാര്‍ മാത്രമുള്ള ഒരു പ്ലാറ്റൂണ്‍ മാത്രമേ ഇപ്പോള്‍ ഇവിടെ നിലവിലുള്ളൂ. ബാക്കിയുള്ള നാലു പ്ലാറ്റൂണാണ് ഇവിടെ നിന്നു കഴിഞ്ഞ ദിവസം തിരിച്ചുപോയത്. കേന്ദ്രത്തിന്റെ തുടക്കത്തില്‍ തന്നെയുണ്ടായിരുന്ന മൂന്നു പ്ലാറ്റൂണ്‍ ഉള്‍പ്പെടുന്ന കമ്പനിയെ പഞ്ചാബിലേക്കാണ് മാറ്റിയത്. റിസര്‍വ് ബറ്റാലിയനെ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇവരെ പിന്‍വലിച്ചത്.
കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന സ്ഥലം എം.പി മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമഫലമായാണ് അരീക്കരക്കുന്നില്‍ ബി.എസ്.എഫ് കേന്ദ്രം ആരംഭിച്ചത്. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ ബി.എസ്.എഫ് കേന്ദ്രത്തിന്റെ ഭാവി തന്നെ ആശങ്കയിലായ അവസ്ഥയിലാണ്. 270 സേനാംഗങ്ങള്‍ ക്യാംപിലുണ്ടായിരുന്നു. തലശ്ശേരി സ്വദേശി സി. ഷിജു അസി. കമാന്‍ഡന്റായ കമ്പനിയാണ് അവസാനമായി ഇവിടെയെത്തിയത്. നൂറുകോടിയുടെ നിര്‍മാണ പ്രവൃത്തികള്‍ അരീക്കരക്കുന്നില്‍ പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഭടന്മാരെ തിരികെ വിളിച്ചിരിക്കുന്നത്.
ജവാന്മാര്‍ക്ക് താമസിക്കാനുള്ള ബാരക്കിന്റെയും എ ക്ലാസ് വണ്‍ ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സ്, ഷോപ്പിങ് കോംപ്ലക്‌സ്, ബാങ്ക്, ആയുധപ്പുര, വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഗാരേജ് തുടങ്ങിയവയുടെയും നിര്‍മാണം നിലവില്‍ പൂര്‍ത്തിയായിരുന്നു. ഇനി കുടിവെള്ള സൗകര്യങ്ങളും സേനാ ആസ്ഥാനത്തേക്കുള്ള റോഡുകളുടെ പ്രവൃത്തിയുമാണ് പൂര്‍ത്തിയാക്കാനായി ബാക്കിയുള്ളത്. ജില്ലാ അതിര്‍ത്തിയായ കായലോട്ട് താഴ പാലത്തിനു സമീപത്തു നിന്നുള്ള റോഡ് പ്രവൃത്തി നേരത്തേ പൂര്‍ത്തിയായിരുന്നു. അന്ത്യാരി ഭാഗത്തു നിന്ന് ബി.എസ്.എഫ് കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡിന്റെ നിര്‍മാണം ഇനി തുടങ്ങേണ്ടതുണ്ട്.
റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് സമീപവാസികളില്‍ നിന്നുണ്ടായ എതിര്‍പ്പിനെ തുടര്‍ന്നാണ് പ്രവൃത്തി നീണ്ടുപോയത്. സേനാ കേന്ദ്രത്തിലേക്ക് കുടിവെള്ളമത്തെിക്കാന്‍ കായലോട്ട് താഴെ പുഴയോരത്ത് സ്ഥലം വാങ്ങി കിണര്‍ നിര്‍മിച്ചിട്ടുണ്ട്. കുടിവെള്ളം പൈപ്പ് വഴി കേന്ദ്രത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.
സൈനിക ആശുപത്രിയുടെയും കേന്ദ്രീയ വിദ്യാലയത്തിന്റെയും പ്രവൃത്തി തുടങ്ങിയിട്ടില്ല. അന്യാധീനപ്പെട്ട 50 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ബി.എസ്.എഫ് കേന്ദ്രത്തിന് ഏറ്റെടുത്ത് നല്‍കിയത്. അഞ്ചേക്കര്‍ ഭൂമി കേന്ദ്രീയ വിദ്യാലയത്തിനു മാറ്റിവയ്ക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."