ഇറാനിലെ സർക്കാർ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്റാഈൽ വ്യോമാക്രമണം: എവിൻ ജയിലിന് നേരെയും ആക്രമണം
തെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ ഇസ്റാഈൽ വ്യോമാക്രമണം ശക്തമാക്കി. പ്രധാന സർക്കാർ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം. തെഹ്റാനിലെ എവിൻ ജയിലും ആക്രമണത്തിന്റെ ഭാഗമായി. ആളപായമോ നാശനഷ്ടമോ എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല.
ഇസ്റാഈലിനെ ആക്രമിച്ചതിന് ഇറാൻ ഭരണകൂടം കനത്ത വില നൽകും, ഇസ്റാഈൽ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇറാൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാൻ ഇസ്റാഈലിന് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ആക്രമണം.
തെഹ്റാനിലെ പ്രധാന സർക്കാർ കേന്ദ്രങ്ങളും അടിച്ചമർത്തൽ സ്ഥാപനങ്ങളും ഞങ്ങൾ ലക്ഷ്യമിടുന്നു," ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്സ് പറഞ്ഞു. എവിൻ ജയിൽ, ഐആർജിസിയുടെ ബാസിജ് സേനയുടെ ആസ്ഥാനം, ആഭ്യന്തര സുരക്ഷാ കേന്ദ്രം, ഫലസ്തീൻ സ്ക്വയറിലെ ക്ലോക്ക് എന്നിവ ആക്രമണ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്റാഈലിനെതിരായ ഓരോ ആക്രമണത്തിനും ഇറാൻ ശിക്ഷിക്കപ്പെടും. ആക്രമണങ്ങൾ തുടരുമെന്നും കാറ്റ്സ് അവകാശവാദം ഉന്നയിച്ചു.
സൈബർ ആക്രമണവും
ഇതിനിടെ, ഇസ്റാഈലിന്റെ സൈനിക ബന്ധമുള്ള ഒരു അലുമിനിയം നിർമ്മാണ കമ്പനിക്കെതിരെ സൈബർ ആക്രമണം നടത്തിയതായി 'സൈബർ ഇസ്നാദ്ഫ്രണ്ട്' എന്ന ഹാക്കർ സംഘടന അവകാശപ്പെട്ടു. ഇറാനിലെ പ്രധാന സൈനിക, ആണവ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതായും ഇവ ഭാവി ആക്രമണങ്ങൾക്കായി ഉപയോഗിക്കുമെന്നും അവർ ടെലിഗ്രാം വഴി അറിയിച്ചു. സമീപകാലത്ത് ഇത്തരം നിരവധി സൈബർ ആക്രമണങ്ങൾ ഈ സംഘടന നടത്തിയതായി അവകാശപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."