കാളികാവില്‍ ഇനി യു.ഡി.എഫ് ഭരണം
കാളികാവ്: പഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ച് പിടിച്ചു. ഭരണ സ്തംഭനം ആരോപിച്ച് യു.ഡി.എഫ് നല്കിയ അവിശ്വാസം പാസായതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് പാനല്‍ വിജയിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ വി.പി.എ നാസര്‍ സി.പി.എമ്മിലെ എന്‍ സൈദാലിയെ എട്ടിനെതിരെ 11 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. കോണ്‍ഗ്രസിലെ എം. സുഫൈറയാണ് വൈസ് പ്രസിഡന്റ്. സി.പി.എമ്മിലെ റംലത്തിനെ ഇതേ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. കാളികാവ് പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് നിലമ്പൂര്‍ പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രമോദ് നേതൃത്വം നല്കി. മുസ്ലിം ലീഗ് കോണ്‍ഗ്രസ് തര്‍ക്കം കാരണം ത്രികോണ മത്സരം നടന്ന പഞ്ചായത്തില്‍ യു.ഡി.എഫ് സംവിധാനം പുന:സ്ഥാപിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നിരുന്നു. യു.ഡി.എഫ് നേതൃത്വത്തിന്റെ ശക്തമായ ഇടപെടലും പരസ്പരം വിട്ടുവീഴ്ച്ചയ്ക്ക് തയാറായതും കാരണം യു.ഡി.എഫ് ഒന്നിക്കാന്‍ ധാരണയാവുകയായിരുന്നു. പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ആറും മുസ്ലിം ലീഗിന് അഞ്ചും ഉള്‍പടെ 11 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. എട്ട് അംഗങ്ങളാണ് എല്‍.ഡി.എഫിനുള്ളത്. പഞ്ചായത്ത് യു.ഡി.എഫിലെ ധാരണ പ്രകാരം ആദ്യ വര്‍ഷം മുസ്ലിംലീഗും തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങള്‍ കോണ്‍ഗ്രസും ഭരിക്കും. അവസാനത്തെ ഒരു വര്‍ഷം കൂടി മുസ്ലിംലീഗിനായിരിക്കും പ്രസിഡന്റ് പദവി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."