ജില്ലയില്‍ പച്ചക്കറി വില്‍ക്കാന്‍ നാടന്‍ പച്ചക്കറി കടകളുമായി കര്‍ഷകര്‍
കോട്ടായി: വിപണിയുടെ കാര്യത്തില്‍ നിസ്സഹായരായിപ്പോകുന്ന കര്‍ഷകരും ഒടുവില്‍ വിപണിയൊരുക്കി ജീവിതപ്പോരാട്ടം നടത്തുന്നു. വീടുകളിലും കൃഷിയിടങ്ങളിലും ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ മതിയായ വിലയ്ക്കു വാങ്ങാന്‍ കച്ചവടക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കര്‍ഷകരില്‍ പലരും വഴിയോരങ്ങളില്‍ നാടന്‍ പച്ചക്കറി വില്‍പ്പനശാലകള്‍ തുടങ്ങി.
ജില്ലയിലെ സംസ്ഥാനദേശീയ പാതയോരങ്ങളിലാണ് കര്‍ഷകര്‍ നാടന്‍ പച്ചക്കറി കടകള്‍ നടത്തുന്നത്. രാവിലെ ഏഴിന് തുടങ്ങുന്ന വില്‍പ്പന വൈകിട്ട് ഏഴുവരെ നീളും.
വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വാഹനം നിര്‍ത്തി പച്ചക്കറി വാങ്ങിക്കൊണ്ടുപോകുന്നു. വീട്ടുവളപ്പുകളില്‍ പച്ചക്കറികൃഷി ചെയ്യുന്നവരും രണ്ടേക്കര്‍ മുതല്‍ അഞ്ചേക്കര്‍വരെ കൃഷിയിടത്തില്‍ പച്ചക്കറിയിറക്കിയവരുമാണ് വില്‍പ്പന നടത്തുന്നത്.
15 കിലോ തക്കാളിയുള്ള ഒരു പെട്ടിക്ക് കര്‍ഷകര്‍ക്ക് 40 രൂപ നല്‍കാന്‍ പോലും കച്ചവടക്കാര്‍ തയ്യാറാകുന്നില്ല. പാവയ്ക്കക്ക് കിലോയ്ക്ക് മൂന്നുരൂപ, പടവലത്തിന് രണ്ടുരൂപയില്‍ കൂടുതല്‍ കര്‍ഷകര്‍ക്ക് നല്‍കില്ല.
കര്‍ഷകരില്‍നിന്ന് പച്ചക്കറി എടുത്ത് വിതരണം ചെയ്യേണ്ട വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സലിന്റെ സംഭരണ കേന്ദ്രങ്ങളില്‍ അംഗങ്ങളുടെ പച്ചക്കറികള്‍ സംഭരിച്ചതിനു ശേഷമേ അംഗങ്ങളല്ലാത്തവരുടെ പച്ചക്കറികള്‍ സംഭരിക്കൂ. അഥവാ സംഭരിച്ചാല്‍ തന്നെ വില കിട്ടാന്‍ രണ്ടു മുതല്‍ പത്തു ദിവസം വരെ കാക്കണം. വിറ്റുകിട്ടിയ പണം വന്നെങ്കില്‍ മാത്രമേ വി.എഫ്.പി.സി.കെയില്‍ നിന്ന് തുക വിതരണം ചെയ്യൂ. ഇത്തരം കഷ്ടപ്പാടുകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗമായാണ് താല്‍ക്കാലിക നാടന്‍ പച്ചക്കറിക്കടകള്‍.എലവഞ്ചേരി പഞ്ചായത്തിലെ കരിങ്കുളത്ത് ടി.കെ പരമേശ്വരന്‍ നാടന്‍ പച്ചക്കറിക്കട തുടങ്ങിയത് ഇക്കാരണങ്ങളാലാണ്.
ഗോവിന്ദാപുരം തൃശൂര്‍ ദേശീയപാതയില്‍ കരിങ്കുളത്ത് തുടങ്ങിയ നാടന്‍ പച്ചക്കറി കടയില്‍ പച്ചക്കറി വാങ്ങാന്‍ ധാരാളം പേര്‍ എത്തുന്നു. പരമേശ്വരന് രണ്ടേക്കര്‍ പാടത്തും വീട്ടിലും പച്ചക്കറി കൃഷിയുണ്ട്. പടവലം, പാവയ്ക്ക, പച്ചപ്പയര്‍, പച്ചമുളക്, ചുരയ്ക്ക, കുമ്പളം, വെള്ളരി, നാരങ്ങ, വെണ്ടക്ക, കോവയ്ക്ക, നെല്ലിയ്ക്ക എന്നിവയെല്ലാം വില്‍പ്പനയുണ്ട്. ധാരാളം പേര്‍ പച്ചക്കറി വാങ്ങാനായെത്തുന്നുണ്ടെന്ന് പരമേശ്വരന്‍ പറയുന്നു.
കൊടുമ്പ്, മിഥുനംപള്ളം, മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ, ദേശീയപാതയിലെ ചിറ്റൂര്‍ റോഡ്, പെരുവെമ്പ് റോഡ്, വിത്തനശ്ശേരി, നെന്മാറ, വടക്കഞ്ചേരി, പത്തിരിപ്പാല, ഒറ്റപ്പാലം, തൃത്താല എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള നിരവധി നാടന്‍ പച്ചക്കറി വിപണനകേന്ദ്രങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."