HOME
DETAILS

ബഹ്‌റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്‌റഫും കുടുംബവും നാടണഞ്ഞു

  
Muqthar
July 13 2025 | 02:07 AM

Ashraf a Malayali stranded in Bahrain without documents and his family return home after 13 years

മനാമ: ഒരു വിദേശ രാജ്യത്ത് കുടുംബത്തിന്റെ അതിജീവനത്തിന് വേണ്ടി അഷ്‌റഫ് പൊരുതിയത് നീണ്ട 13 വര്‍ഷങ്ങള്‍. വിസാ കാലാവധി കഴിഞ്ഞ് തുടരുന്നതിന്റെ നിയമ പ്രശ്‌നങ്ങള്‍, മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ സാധിക്കാതെ വരുന്നതിന്റെ വേദന, ബഹ്‌റൈനില്‍ ജനിച്ചിട്ടും സ്വത്വം നഷ്ടപ്പെട്ട് ജീവിക്കുന്ന ഇളയ മകള്‍, എല്ലാം ഉള്ളിലൊതുക്കി ഭാര്യക്കും മക്കള്‍ക്കും ധൈര്യവും പ്രതീക്ഷയും പകര്‍ന്ന് മുന്നോട്ട് പോകുമ്പോള്‍ അപ്രതീക്ഷിതമായി വൃക്ക രോഗത്തിന്റെ 'ആക്രമണം'. ഒരു കുടുംബ നാഥന്‍ തളരാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം?

തിരിച്ചടികളെ മുന്നോട്ട് കുതിക്കാനുള്ള ഇന്ധനമാക്കി മാറ്റിയാണ് ജീവിതം കൊണ്ട് അഷ്‌റഫ് ഇതിനുള്ള മറുപടി നല്‍കിയത്. ബഹ്‌റൈന്‍ പ്രവാസി ലീഗല്‍ സെല്ലിന്റെ നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരുടെ ഇടപെടലും ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെയും മനുഷ്യ സ്‌നേഹികളുടെയും പിന്തുണയും കൂടിയായപ്പോള്‍ അഷ്‌റഫും കുടുംബവും ആശ്വാസത്തിന്റെയും പ്രത്യാശയുടെയും ജന്മതീരമണഞ്ഞു.

വലിയ പ്രതീക്ഷകളോടെ എത്തി, വിധി കരുതിവെച്ചത് ദുരിതങ്ങള്‍! 

ശരാശരി പ്രവാസിയെപ്പോലെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം എന്ന മോഹവുമായി തന്നെയാണ് അഷ്‌റഫ് ബഹ്‌റൈനിലെത്തിയത്. അവിചാരിതമായ സാഹചര്യങ്ങളില്‍ പെട്ട് അഷ്‌റഫിന് വിസ പുതുക്കാന്‍ സാധിച്ചില്ല. അതോടെ, അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിലായിരുന്ന ഭാര്യയുടെയും മക്കളുടെയും താമസം നിയമ വിരുദ്ധമായി. മൂത്ത മകളുടെ വിസയുടെ കാലാവധി 2012ലും, ഭാര്യയുടേത് 2013ലും പിന്നിട്ടു. ബഹ്‌റൈനില്‍ ജനിച്ച ഇളയ മകള്‍ അറഫ ഫാത്തിമയുടെ അവസ്ഥ ഇതിലും മോശമായിരുന്നു. അറഫയുടെ ജനനം എവിടെയും രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ പാസ്‌പോര്‍ട്ടോ നിയമപരമായ എന്തെങ്കിലും രേഖകളോ അവള്‍ക്കുണ്ടായിരുന്നില്ല. പൂര്‍ണമായും സ്വത്വം നഷ്ടപ്പെട്ട അവസ്ഥ. ജോലി ചെയ്യാന്‍ സാധിക്കില്ല, സ്‌കൂളില്‍ പോകാനാവില്ല, എന്തിന് രോഗം വന്നാല്‍ ഒരു ക്ലിനിക്കില്‍ പോലും ചികിത്സ തേടാന്‍ പറ്റാത്ത ദുരവസ്ഥ. എന്നിട്ടും അവര്‍ പൊരുതിക്കൊണ്ടിരുന്നു.

അതിജീവനത്തിന്റെ സമാനതകളില്ലാത്ത പോരാട്ടത്തിനിടയിലാണ് വൃക്ക രോഗം അഷ്‌റഫിനെ പിടികൂടിയത്. അതിജീവനത്തേക്കാള്‍ ജീവനം പ്രധാനമായി. ഡയാലിസിസ് അനിവാര്യം എന്ന സ്ഥിതി. വരുമാനമോ തിരിച്ചറിയല്‍ കാര്‍ഡോ ഔദ്യോഗിക രേഖകളോ ഇല്ലാത്ത ഒരാള്‍ക്ക് എങ്ങനെ ചികിത്സ ലഭിക്കും എന്നതായിരുന്നു വെല്ലുവിളി.

പ്രവാസി ലീഗല്‍ സെല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍

ഈ ഘട്ടത്തിലാണ് പ്രവാസി ലീഗല്‍ സെല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റും ഗ്ലോബല്‍ പി.ആര്‍.ഒയുമായ സുധീര്‍ തിരുനിലത്ത് കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞത്. ജന.സെക്രട്ടറി ഡോ. റിതിന്‍ രാജ്, രാജി ഉണ്ണികൃഷ്ണന്‍ പി.എല്‍.സി ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുമായി ഏകോപിപ്പിച്ച് അഷ്‌റഫിന്റെയും കുടുംബത്തിന്റെയും വിഷയം ഒരു ദൗത്യമായി സുധീര്‍ ഏറ്റെടുത്തു.
അഷ്‌റഫിന്റെ ജീവന്‍ രക്ഷിക്കുക എന്നതിനായിരുന്നു മുന്‍ഗണന. അദ്ദേഹത്തെ ഉടന്‍ തന്നെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി. തുടര്‍ന്ന്, കിംസ് ഹെല്‍ത്തിന്റെ ഗ്രൂപ് എക്‌സിക്യൂട്ടേിവ് ഡയരക്ടര്‍ ജേക്കബ് തോമസിന്റെ പിന്തുണയോടെ ഡയാലിസിസ് ആരംഭിച്ചു. നാമമാത്രമായ ചെലവില്‍ ഡയാലിസിസ് സെഷനുകള്‍ പൂര്‍ത്തീകരിച്ചു.
ആശുപത്രി ചെലവുകള്‍, മരുന്ന്, ഭക്ഷണം, വാടക എന്നിവ മുതല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്, അറ്റസ്റ്റേഷന്‍, തുടങ്ങിയ രേഖകള്‍ ക്രമീകരിക്കുന്നതു വരെയുള്ള എല്ലാം കാര്യങ്ങളും പി.എല്‍.സി നിര്‍വഹിച്ചു.

ബഹ്‌റൈനില്‍ ജനിച്ചെങ്കിലും നിയമപരമായി ജനനം രജിസ്റ്റര്‍ ചെയ്യാത്ത അറഫയുടെ കാര്യത്തില്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അഡ്വ. താരിഖ് അലോണ്‍ വഴി കേസ് ഫയല്‍ ചെയ്തു. അറഫയുടെ ജനനം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു.

ആശുപത്രിയിലെ കുടിശിക ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ എം.പിയായ ഹസ്സന്‍ ഈദ് ബുഖാമാസ് വലിയ പിന്തുണ നല്‍കി. അഷ്‌റഫിനും ഭാര്യക്കും രണ്ട് മക്കള്‍ക്കും ഔട്ട്പാസുകള്‍ ലഭിച്ചു. അവസാനത്തെ തടസ്സം വിസാ കാലാവധി കഴിഞ്ഞ ശേഷം തങ്ങിയതിനുള്ള പിഴയായിരുന്നു. പി.എല്‍.സി സംഘം ബഹ്‌റൈനിലെ എമിഗ്രേഷന്‍ അധികാരികളെ ഇക്കാര്യം ധരിപ്പിക്കുകയും അവര്‍ കുടുംബത്തിന്റെ താമസം നിയമ വിധേയമാക്കാന്‍ സഹായിക്കുകയും ചെയ്തു.

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയിലെ വിനോദ് കെ.ജേക്കബ്, രവി ജെയിന്‍, രവി സിംഗ് എന്നിവരുടെ ശ്രമഫലമായി എയര്‍ ഇന്ത്യ വിമാനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ടിക്കറ്റുകള്‍ ക്രമീകരിച്ചു.

സല്‍മാനിയ ആശുപത്രിയിലെ നഴ്‌സുമാര്‍, ഷബീര്‍ മാഹി, ലക്ഷ്മണ്‍, ഫൈസല്‍ പട്ടാണ്ടി, പ്രസന്ന വര്‍ധന്‍, ഗംഗാധര്‍ റാവു, സാബു ചിറമ്മല്‍ തുടങ്ങി നിരവധി വ്യക്തികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം വഴിയാണ് ഒരു വ്യാഴവട്ടത്തിലേറെ നീണ്ട ദുരിത ജീവിതം അവസാനിപ്പിച്ച് ജന്മ നാടിന്റെ സാന്ത്വനത്തിലേക്ക് മടങ്ങാന്‍ അഷ്‌റഫിനും കുടുംബത്തിനും സാധിച്ചത്.

After more than 18 agonizing years of living undocumented in Bahrain, Mr. Ashraf, his wife Ramsheedha, and their two daughters have finally returned home to Kerala, their dignity and identity restored. For over a decade, the Ashraf family’s existence was confined to a tiny rented room in Riffa, a life marked by invisibility, lack of documentation, and constant fear.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി

Saudi-arabia
  •  an hour ago
No Image

കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും 

Kerala
  •  an hour ago
No Image

ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

National
  •  an hour ago
No Image

ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍

uae
  •  2 hours ago
No Image

കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും

Tech
  •  2 hours ago
No Image

കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി

National
  •  2 hours ago
No Image

ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും

uae
  •  2 hours ago
No Image

തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി;  ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചു

Kerala
  •  3 hours ago
No Image

മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ നിയമനിർമാണം: ഹൈക്കോടതിയിൽ നിലപാട് തിരുത്തി സർക്കാർ

Kerala
  •  3 hours ago
No Image

മിര്‍ദിഫില്‍ ബ്ലൂ ലൈന്‍ മെട്രോ നിര്‍മ്മാണം ആരംഭിക്കുന്നു; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ ആര്‍ടിഎ

uae
  •  3 hours ago