ഓണത്തല്ലിന് കളമുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രം
കുന്നംകുളം: ഓണക്കാല വിനോദമായ ഓണത്തല്ലിന് കളമുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഈ മാസം 15, 16 തീയതികളിലായി ജവഹര്‍ സ്റ്റേഡിയത്തില്‍ പയറ്റിത്തെളിയാന്‍ 100 ഓളം അഭ്യാസികള്‍ തെക്കും വടക്കും ചേരികള്‍ക്കായി കളത്തിലിറങ്ങും.
ഓണത്തല്ല് ആശാന്‍മാരായ ചെറുതുരുത്തി സ്വദേശികളായ വാപ്പുനുവിന്റെയും മൊയ്തുവിന്റെയും നേതൃത്വത്തിലാണ് ഇക്കുറിയും തല്ലുകാര്‍ കളത്തിലിറങ്ങുന്നത്. അഭ്യാസികള്‍ ഇരു ചേരിയായി തിരിഞ്ഞ് തല്ലും തടയുമായി നടത്തുന്ന പാരമ്പര്യ രീതിയാണ് ഓണത്തല്ല് അഥവാ കയ്യാങ്കളി. കളിച്ചിറങ്ങി ഇരുകൈ ഉയര്‍ത്തി വിറപ്പിച്ച് എതിരാളികളെ വെല്ലുവിളിച്ച് ഇരു ചേരികളും കളത്തിലിറങ്ങും. മൂന്നു മുതല്‍ 70 വയസുവരെയുള്ള അഭ്യാസികള്‍ അങ്കത്തട്ടിലിറങ്ങി മാറ്റുരക്കും. അയ്യത്തടാ വായ്ത്താരി മുഴക്കി ശരീരം വിറപ്പിച്ച് കാണികളെ കോരിതരിപ്പിച്ച് കളം നിറഞ്ഞ് തല്ലും.
ആയുധമില്ലാതെ രണ്ടു പേരടങ്ങുന്ന ജോഡികളായാണ് അങ്കത്തിനിറങ്ങുക. അങ്കവസ്ത്രം ധരിച്ച് മത്സരം നിയന്ത്രിക്കാന്‍ ചായിക്കാരന്‍മാരെന്ന് പറയപെടുന്ന റഫറിമാരായി പള്ളത്ത് സുലൈമാനും കളത്തില്‍ കുഞ്ഞിവാപ്പുവും ഇത്തവണയും കളത്തിലുണ്ടാകും. 15ാം തിയ്യതി രണ്ടിന് അഭ്യാസികളും നാടന്‍ കലാരൂപങ്ങളും അണിനിരക്കുന്ന ഘോഷയാത്രയോടെയാണ് തല്ലിന് തുടക്കമിടുക.
ജാഥ ജവഹര്‍ സ്‌ക്വയറില്‍ എത്തിയാല്‍ പഴഞ്ഞി അരുവായ് വി.കെ.എം കളരി സംഘത്തിന്റെ കളരിപ്പയറ്റിനു ശേഷം ഓണത്തല്ലിന് തുടക്കമിടും. 16ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.
ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ പോപ്പുലര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കുന്നംകുളത്ത് ഓണത്തല്ല് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."