ഡ്രൈവിങ് ലൈസന്‍സ്; നേത്രപരിശോധന ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും നടത്താം
തൊടുപുഴ: ഡ്രൈവിങ് ലൈസന്‍സിനുള്ള അപേക്ഷകരുടെ നേത്രപരിശോധന ഇനി ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും നടത്താം.
ഇവര്‍ നല്കുന്ന നേത്രപരിശോധനാ സര്‍ട്ടിഫിക്കറ്റ് പുതിയ ഡ്രൈവിങ് ലൈസന്‍സിനും ലൈസന്‍സ് പുതുക്കുന്നതിനുമുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കാമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിട്ടു.
കണ്ണുപരിശോധനയ്ക്കുള്ള ആധുനിക സൗകര്യങ്ങളായ ഒഫ്താല്മോസ്ക്കോപ്പ്, ഓട്ടോ റിഫ്രാക്റ്റോമീറ്റര്, സ്നെല്ലെന്സ് ചാര്‍ട്ട്, ഫീല്‍ഡ് വിഷന്‍ കോണ്ഫ്രണേഷന് എന്നിവയുള്ള ബിരുദാനന്തര ബിരുദമുള്ള ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റിനാണ് അംഗീകാരമുള്ളത്. ആയുര്‍വേദ നേത്രരോഗ വിദഗ്ധന്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.
ഇതുപരിഗണിച്ചാണ് പുതിയ ഉത്തരവിറക്കിയത്. അതിനിടെ, വ്യാജ നേത്ര സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നത് ഒഴിവാക്കാന്‍ ആര്.ടി ഓഫിസുകളില്‍ നേത്ര പരിശോധകരെ നിയമിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ചു. പതിനാറിന നിര്‍ദേശങ്ങള്‍ അക്കമിട്ടുനിരത്തി 2015 മെയ് 27 നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുകളും സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുകളും കേന്ദ്രീകരിച്ച് നേത്രപരിശോധകരെ നിയമിക്കാനായിരുന്നു നിര്‍ദേശം. അതാത് ഓഫിസ് തലവന്മാര് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് തങ്ങളുടെ മേഖലയിലുള്ള നേത്ര വിദഗ്ധരുടെ പട്ടിക തയാറാക്കണമെന്ന നിര്‍ദേശംപോലും പാലിക്കപ്പെട്ടില്ല.
നിലവില്‍ ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകര്‍ക്ക് വ്യാജ നേത്ര സര്‍ട്ടിഫിക്കറ്റ് തയാറാക്കിനല്‍കുന്ന ലോബിതന്നെ ആര്.ടി ഓഫിസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ഓട്ടോ കണ്‍സള്‍ട്ടന്റുമാരുടെ നേതൃത്വത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. ഡോക്ടറെ നേരില്ക്കാണാതെയാണ് ഇവര്‍ വ്യാജസര്‍ട്ടിഫിക്കറ്റ് തയാറാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."