തിരൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
തിരൂര്‍: ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു. തിരൂര്‍ തെക്കന്‍ കുറ്റൂര്‍ മുക്കിലപ്പീടിക അത്തംപറമ്പില്‍ അബൂബക്കര്‍ സിദ്ധീഖിന്റെ വീട്ടിലാണ് അപകടം നടന്നത്. രാത്രി പത്തരയോടെ വീടു കത്തി നശിക്കുകയായിരുന്നു. അപകടസമയത്ത് വീട്ടുകാര്‍ സ്ഥലത്തില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. വലിയ ശബ്ദത്തോടെ തീ പടരുന്നത് കണ്ട അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് സമീപത്തെ കിണറുകളില്‍ നിന്ന് വെള്ളം പമ്പു ചെയ്താണ് തീയണച്ചത്.
തിരൂരില്‍ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും തീ നിയന്ത്രണവിധേയമായിരുന്നു. വീട്ടുപകരണങ്ങളും കുട്ടികളുടെ പുസ്തകങ്ങളും വസ്ത്രങ്ങളും മറ്റുരേഖകളുമെല്ലാം കത്തിനശിച്ചു. വാടകവീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ ആറു വര്‍ഷം മുമ്പാണ് ഈ വീട്ടിലേക്കു താമസം മാറിയത്. ഓല മേഞ്ഞ വീടിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടായതിനാല്‍ പ്ലാസ്റ്റിക് ഷീറ്റും വിരിച്ചിരുന്നു. ആകെയുണ്ടായിരുന്ന അഭയകേന്ദ്രമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഓട്ടോ ഡ്രൈവറായ സിദ്ധീഖും കുടുംബവും പുതിയ വീടിനായി പഞ്ചായത്തില്‍ അപേക്ഷനല്‍കിയിട്ട് വര്‍ഷങ്ങളായി കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."