കുമ്മനത്തിനെതിരേ നീക്കം ശക്തമാക്കി മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍
കോഴിക്കോട്: ആര്‍.എസ്.എസ് നിര്‍ദേശിക്കുന്നവരെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ കുത്തിനിറയ്ക്കുന്ന കുമ്മനം രാജശേഖരന്റെ നീക്കത്തിനെതിരേ മുന്‍ സംസ്ഥാന അധ്യക്ഷന്മാര്‍ ഉയര്‍ത്തിയ എതിര്‍പ്പിന്റെ സാഹചര്യത്തില്‍ കോഴിക്കോട് നടക്കുന്ന ബി.ജെ.പി ദേശീയകൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന ഘടകത്തിലെ വിഭാഗീയത ചര്‍ച്ചയാവും.
ഈ മാസം 23,24,25 തിയതികളില്‍ നടക്കുന്ന ദേശീയ കൗണ്‍സിലിന്റെ സംഘാടനത്തിലും ആര്‍.എസ്.എസ് പിടിമുറുക്കിയതോടെ കുമ്മനത്തിനെതിരേ മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ നീക്കം ശക്തമാക്കിയിരിക്കുകയാണ്. കുമ്മനത്തെ ഉപയോഗിച്ച് പാര്‍ട്ടി സംസ്ഥാന ഘടകത്തെ സമ്പൂര്‍ണമായി തങ്ങളുടെ വരുതിയിലാക്കാനുള്ള ആര്‍.എസ്.എസിന്റെ നീക്കമാണ് ഇവരെ ചൊടിപ്പിച്ചത്. പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ആര്‍.എസ്.എസ് പറയുന്നതുമാത്രമാണ് കുമ്മനം സ്വീകരിക്കുന്നതെന്നും മുതിര്‍ന്ന നേതാക്കളെ പാടെ അവഗണിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ സി.കെ പത്മനാഭന്‍, പി.കെ കൃഷ്ണദാസ്, വി മുരളീധരന്‍ എന്നിവരാണ് കുമ്മനത്തിനെതിരേ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയത്. പാര്‍ട്ടിയെ ആര്‍.എസ്.എസ് ഹൈജാക്ക് ചെയ്യുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും ഇതിന് പരിഹാരം കാണാതെ മുന്നോട്ടുപോവാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ഇവര്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഇത് പാളിയിരിക്കുകയാണ്. ദേശീയ കൗണ്‍സിലിന്റെ നടത്തിപ്പിലും മുതിര്‍ന്ന നേതാക്കളെ അകറ്റി നിര്‍ത്തുന്നതായി ആക്ഷേപമുണ്ട്. ഒളിംപ്യന്‍ പി.ടി ഉഷ അധ്യക്ഷയായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും കുമ്മനം നേരിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. കുമ്മനവുമായി അടുപ്പം പുലര്‍ത്തുന്നവര്‍ക്കാണ് നടത്തിപ്പിന്റെ പ്രധാനചുമതലകള്‍ വീതിച്ചുനല്‍കിയത്. വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിലും ആര്‍.എസ്.എസുകാര്‍ക്കാണ് മുന്‍ഗണന. ദേശീയ കൗണ്‍സിലിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ സംസ്ഥാന ഘടകത്തിലെ ചേരിപ്പോര് രൂക്ഷമാകുന്നത് നേതൃത്വത്തിന് തലവേദനയാവുകയാണ്.
കുമ്മനത്തിനെതിരേ പ്രശ്‌നങ്ങള്‍ തുടരരുതെന്നും എന്തെല്ലാം പ്രശ്‌നങ്ങളുണ്ടെങ്കിലും തന്നെ നേരിട്ട് സമീപിക്കാമെന്ന് കേരളത്തിലെ നേതാക്കളോട് അമിത്ഷാ നിര്‍ദേശിച്ചെങ്കിലും ഇത് കണക്കിലെടുക്കാതെയാണ് മുന്‍ സംസ്ഥാന പ്രസിഡന്റുമാരുടെ നീക്കം. വിശ്വഹിന്ദു പരിഷത്തില്‍ നിന്ന് നേരിട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷപദവിയില്‍ എത്തിയ കുമ്മനം ഏറെക്കാലം പാര്‍ട്ടിയെ നയിച്ച മുന്‍ സംസ്ഥാന പ്രസിഡന്റുമാരെ അവഗണിക്കുന്നുവെന്ന് കാണിച്ച് വി മുരളീധരനും പി.കെ കൃഷ്ണദാസും കേന്ദ്രനേതൃത്വത്തിന് കത്ത് അയച്ചതോടെയാണ് കേരള ഘടകത്തിലെ പ്രശ്‌നങ്ങള്‍ പുറത്തായത്.
ആര്‍.എസ്.എസില്‍ നിന്നും നേരിട്ട് റിക്രൂട്ട് ചെയ്യപ്പെട്ട ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഗണേഷിനും ഓര്‍ഗനൈസേഷണല്‍ സെക്രട്ടറിമാരായ കാശിനാഥന്‍, പത്മകുമാര്‍, കോവൈ സുരേഷ് എന്നിവര്‍ക്കും മുന്തിയ പരിഗണന നല്‍കുന്നതില്‍ മറ്റു ഭാരവാഹികള്‍ കടുത്ത അസംതൃപ്തിയിലാണ്. മണ്ഡലം, ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരെ നിയമിച്ചതിലും കുമ്മനം ഏകപക്ഷീയമായി പെരുമാറിയെന്ന് ഇവര്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ 140 മണ്ഡലം കമ്മിറ്റികളില്‍ 90 എണ്ണത്തിലും ഹിന്ദു ഐക്യവേദി, ആര്‍.എസ്.എസ്, വി.എച്ച്.പി എന്നീ സംഘടനകളില്‍ നിന്നും നേരിട്ട് നിയമനം നടത്തിയതായും വര്‍ഷങ്ങളായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ മാറ്റിനിര്‍ത്തിയാണ് ആര്‍.എസ് എസുകാരെ തിരുകിക്കയറ്റുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കുമ്മനത്തിനെതിരായ നീക്കം ശക്തമായതോടെ പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. എല്ലാമാസവും സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് മിനുട്‌സ് നേരിട്ട് തനിക്ക് കൈമാറണമെന്ന് സംസ്ഥാന ഘടകത്തിന് അമിത് ഷാ നിര്‍ദേശം നല്‍കിയിരുന്നു.
ബി.ജെ.പി നേതാക്കള്‍ കുമ്മനത്തിനെതിരേ തിരിയുന്നതില്‍ ആര്‍.എസ്.എസ് നേതൃത്വത്തിലും അമര്‍ഷമുണ്ട്. കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യപ്രകാരമാണ് കുമ്മനം പ്രസിഡന്റ് പദവി ഏറ്റെടുത്തതെന്നും അദ്ദേഹം ചുമതല ഏറ്റെടുത്തതു മുതല്‍ സംസ്ഥാനത്ത് മാറ്റം പ്രകടമാണെന്നും ആര്‍.എസ്.എസ് പക്ഷം ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പിയുടെ കേന്ദ്ര നിരീക്ഷകന്‍ ബല്‍ബിര്‍ കെ പുഞ്ച് സംസ്ഥാന ഘടകത്തിന്റെ കുത്തഴിഞ്ഞ പോക്ക് തടയാന്‍ ആര്‍.എസ്.എസ് ഇടപെടണമെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍ ആര്‍.എസ്.എസ് ഇടപെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."