ജലവൈദ്യുതി പദ്ധതികളുടെ നിര്‍മാണം പുനരുജ്ജീവിപ്പിക്കാന്‍ മന്ത്രി ഇടപെടുന്നു
തൊടുപുഴ: വൈദ്യുതി പ്രതിസന്ധി മുന്‍നിര്‍ത്തി മുടങ്ങിക്കിടക്കുന്ന ജലവൈദ്യുതി പദ്ധതികളുടെ നിര്‍മ്മാണം പുനരുജ്ജീവിപ്പിക്കാന്‍ വൈദ്യുതി മന്ത്രി കടകംമ്പള്ളി സുരേന്ദ്രന്‍ നേരിട്ട് രംഗത്ത്.
നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ 60 മെഗാവാട്ടിന്റെ പള്ളിവാസല്‍ വിപുലീകരണ പദ്ധതി, 40 മെഗാവാട്ടിന്റെ തൊട്ടിയാര്‍ പദ്ധതി എന്നിവയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്നത്. 40 മെഗാവാട്ടിന്റെ മാങ്കുളം പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പ് ത്വരിതപ്പെടുത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൊട്ടിയാര്‍ പദ്ധതി മേഖലയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കും പള്ളിവാസലില്‍ നാളെ രാവിലെ ഒന്‍പതിനും മന്ത്രി സന്ദര്‍ശനം നടത്തും.
വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ ആന്റണി, ഡയറക്ടര്‍ എസ് രാജീവ്, സിവില്‍ കണ്‍സ്ട്രക്ഷന്‍ ചീഫ് എന്‍ജിനീയര്‍ വര്‍ഗീസ് സാമുവല്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മന്ത്രിക്കൊപ്പമുണ്ടാകും. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ ആന്റണിയും കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫിസര്‍ എ.ഡി.ജി.പി കെ പത്മകുമാറും രണ്ടാഴ്ച മുന്‍പ് മുടങ്ങിക്കിടക്കുന്ന പ്രധാന പദ്ധതി മേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ നിര്‍മാണം സ്വകാര്യ കരാറുകാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതി നിര്‍മ്മാണം തുടങ്ങി ഒന്‍പതര വര്‍ഷം പിന്നിട്ടപ്പോഴാണ് വൈദ്യുതി ബോര്‍ഡിനേയും സര്‍ക്കാരിനേയും മുള്‍മുനയില്‍ നിര്‍ത്തി കരാറുകാര്‍ ഒഴിവായത്. മുംബൈ ആസ്ഥാനമായുള്ള എസ്.ആര്‍ ഗ്രൂപ്പും ചൈനീസ് കമ്പനിയായ ഡി.ഇ.സി യും ഹൈദരാബാദിലെ സി.പി.പി.എല്‍ കമ്പനിയും ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ കരാറുകാര്‍. സാങ്കേതിക കാരണങ്ങളാലാണ് പദ്ധതി പാതിവഴിയില്‍ മുടങ്ങിയത്. ബോര്‍ഡിന്റെ ഔദ്യോഗിക കണക്കനുസരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 75 ശതമാനം ഇതുവരെ പൂര്‍ത്തിയായിട്ടുണ്ട്. 268.01 കോടി രൂപ പ്രതീക്ഷിച്ച പദ്ധതിക്ക് ഇപ്പോള്‍തന്നെ 250 കോടിയോളം ചെലവാക്കിക്കഴിഞ്ഞു. ഇനിയും 200 കോടിയിലധികം മുടക്കേണ്ടിവരും പദ്ധതി പൂര്‍ത്തീകരിക്കാന്‍.
42 മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ കരാര്‍ ഒപ്പിട്ട തൊട്ടിയാര്‍ പദ്ധതി 35 മാസങ്ങള്‍ പിന്നിടുമ്പോള്‍ പൂര്‍ത്തിയാക്കാനായത് 4.12 ശതമാനം മാത്രം. കരാറുകാരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് തൊട്ടിയാര്‍ പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയത്.
നാലു പതിറ്റാണ്ടു മുന്‍പ് ആലോചന തുടങ്ങിയ മാങ്കുളം ജലവൈദ്യുതി പദ്ധതി ഇപ്പോഴും സ്ഥലമെടുപ്പില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇനിയും 20 ഓളം പേരുടെ സ്ഥലം ഏറ്റെടുക്കാനുണ്ട്. ജില്ലാ കലക്ടറും, ലാന്‍ഡ് അസൈന്‍മെന്റ് വിഭാഗം ഡപ്യൂട്ടി കലക്ടറും പദ്ധതിയുടെ പ്രൊജക്ട് മാനേജരുമുള്‍പ്പെടുന്ന പര്‍ച്ചേസ് കമ്മിറ്റിയാണ് സ്ഥലം ഏറ്റെടുക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."