ഹജ്ജിനിടെ ഇറാന്‍- സഊദി വാഗ്വാദം രൂക്ഷമാകുന്നു
റിയാദ്: ഹജ്ജിന്റെ മുന്നോടിയായി സഊദിയും ഇറാനും തമ്മില്‍ രൂക്ഷമായ വാഗ്വാദം. കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിനിടെ മിനയിലുണ്ടായ ദുരന്തത്തില്‍ സഊദിയെ കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസം വീണ്ടും ഇറാന്‍ രംഗത്തുവന്നിരുന്നു. മിനാ ദുരന്തത്തില്‍ മരിച്ചവരില്‍ ഏറെയും ഇറാന്‍ ഹാജിമാരായിരുന്നു. ഈ വര്‍ഷം ഇറാനില്‍ നിന്നുള്ള ഹജ്ജ് സര്‍വിസും രാഷ്ട്രീയ പോരിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം ഇറാന്‍ സഊദിക്കെതിരേ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി സഊദിയും ഗള്‍ഫ് സഹകരണ കൗണ്‍സിലും രംഗത്തുവന്നു. ഇറാനികള്‍ മുസ്‌ലിംകളല്ലെന്ന പ്രസ്താവനയും സഊദിയിലെ പണ്ഡിതരിലൊരാള്‍ നടത്തി. ഷെയ്ക്ക് അബ്ദുല്‍ അസീസ് എന്ന സഊദി പണ്ഡിതനാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
വേണ്ടത്ര സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിലുള്ള പരാജയമാണ് കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് ദുരന്തത്തിന് കാരണമെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുല്ല അലി ഖാംനഈ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സഊദി മതപണ്ഡിതന്റെ പ്രതികരണം.
ഹജ്ജ് സമിതിയെ സഊദി മാറ്റേണ്ടതുണ്ടെന്നും ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കാനെത്തില്ല. അല്ലാഹുവിന്റെ വഴിയില്‍ സഊദി ഭരണകൂടം തടസം നില്‍ക്കുകയാണെന്നും ഖാംനഈ കുറ്റപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം 80,000 ഓളം ഇറാനികളാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയത്. മിനയിലുണ്ടായ തിക്കിലും തിരക്കിലും 400ലധികം ഇറാന്‍ തീര്‍ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു. സഊദിയും ഇറാനും തമ്മില്‍ ഏറെക്കാലമായുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നതായിരുന്നു ഹജ്ജിനിടെയുണ്ടായ ഈ അപകടം.
അതിനിടെ കഴിഞ്ഞ ദിവസം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ഇറാനെത്തിരേ രംഗത്തു വന്നിരുന്നു. ഇറാനിയന്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജിനത്തൊന്‍ കഴിയാതിരുന്നത് അവരുടേതായ കാരണങ്ങളാലാണ്. ഇസ്‌ലാമിക വിരുദ്ധവും ഹജ്ജിന്റെ മൊത്തം സുരക്ഷയെ ബാധിക്കുന്നതുമായ നിബന്ധനകള്‍ അനുവദിക്കണമെന്ന ഇറാന്റെ ആവശ്യം അംഗീകരിക്കാനാവില്ല.
ഹജ്ജിന്റെ സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കങ്ങളെയും ആരുടെ ഭാഗത്തുനിന്നായാലും സര്‍വശക്തിയുമുപയോഗിച്ച് നേരിടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ അമേരിക്ക, ആസ്‌ത്രേലിയ, ന്യൂസിലാന്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഹജ്ജിന് അപേക്ഷിച്ച മുഴുവന്‍ ഇറാനിയന്‍ തീര്‍ഥാടകരും മക്കയിലെത്തി.
അതിനിടെ, ഇറാനിന്റെ പ്രസ്താവനക്കെതിരേ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ശക്തമായി അപലപിച്ചു. തെറ്റായ രീതിയില്‍ പ്രസ്താവനകള്‍ നടത്തി സഊദിയെ അപമാനിക്കാനാണ് ഇറാന്‍ ശ്രമമെന്ന് ജി.സി.സി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."