കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; വിവാദ വഖ്ഫ് നിയമം സുപ്രിംകോടതി ഭാഗികമായി സ്‌റ്റേ ചെയ്തു; നടപടി സമസ്തയുടേത് അടക്കമുള്ള ഹരജിയില്‍
ന്യൂഡല്‍ഹി: വഖ്ഫ് സ്വത്തുക്കളില്‍ സര്‍ക്കാരുകള്‍ക്ക് ഇടപെടാന്‍ അവസരം നല്‍കുന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് നിയമ ഭേദഗതിയിലെ വിവാദ വകുപ്പുകള്‍ സുപ്രിംകോടതി സ്‌റ്റേചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടേത് ഉള്‍പ്പെടെയുള്ള ഒരുകൂട്ടം ഹരജികളില്‍ നീണ്ട വാദം കേട്ടശേഷം ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് എ.ജി മസിഹ് എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് ആണ് വിധി പറഞ്ഞത്. പൂര്‍ണമായും സ്റ്റേ ചെയ്യാതിരുന്ന കോടതി, അപൂര്‍വ സമയങ്ങളില്‍ മാത്രമെ സമ്പൂര്‍ണമായി സ്റ്റേ ഉണ്ടാകൂവെന്ന് പറഞ്ഞു.
നിയമ ഭേദഗതിയില്‍ ഏറ്റവുമധികം വിവാദമായിരുന്ന ജില്ലാ കലക്ടറുടെ അധികാരം സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അന്തിമ ഉത്തരവ് വരുന്ന വരെ വഖ്ഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്നും അത് തല്‍സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി. വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവില്‍ (CEO) കഴിവതും മുസ്‌ലിം ആയിരിക്കണമെന്ന് പറഞ്ഞ കോടതി, എന്നാല്‍ അമുസ്ലിംകളെ സിഇഒ ആക്കരുതെന്ന ആവശ്യം അംഗീകരിച്ചില്ല. നിയമത്തിലെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് വരെയാണ് സ്റ്റേ എന്നും കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കി. കേന്ദ്ര വഖ്ഫ് കൗണ്‍സിലില്‍ നാലില്‍ കൂടുതല്‍ അമുസ്ലിം അംഗങ്ങള്‍ ഉണ്ടാകരുതെന്നും, സംസ്ഥാന വഖഫ് ബോര്‍ഡില്‍ മൂന്നില്‍ കൂടുതല്‍ അമുസ്ലിം അംഗങ്ങള്‍ ഉണ്ടാകരുതെന്നും കോടതി അഭിപ്രായപ്പെട്ടു. അഞ്ചുവര്‍ഷം വിശ്വാസിയായിരിക്കണം എന്ന വിവാദ വകുപ്പും കോടതി സ്റ്റേ ചെയ്തു. അഞ്ചു വര്‍ഷത്തോളം ഇസ്‌ലാം മതവിശ്വാസം പിന്തുടരുന്നവര്‍ക്കു മാത്രമേ വഖ്ഫ് നല്‍കാന്‍ കഴിയൂ എന്നതായിരുന്നു കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകളിലൊന്ന്.
വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത് ഒരു പുതിയ വ്യവസ്ഥയല്ലെന്നു വ്യക്തമാക്കിയ കോടതി, 1995ലെയും 2013ലെയും മുന്‍ നിയമങ്ങളിലും ഈ നിബന്ധനയുണ്ടായിരുന്നുവെന്നും പറഞ്ഞ് ഈ വ്യവസ്ഥയില്‍ ഇടപെട്ടില്ല. എന്നാല്‍ രജിസ്‌ട്രേഷനുള്ള സമയപരിധി നീട്ടി നല്‍കുന്നതായി കോടതി ഉത്തരവില്‍ ഉള്‍പ്പെടുത്തി.
നിയമ ഭേദഗതിയുടെ സെക്ഷന്‍ 3സി പ്രകാരമുള്ള കലക്ടറുടെ അധികാരം സ്‌റ്റേ ചെയ്തതോടെ, തര്‍ക്ക പ്രദേശങ്ങളില്‍ കലക്ടര്‍ ചുമതലപ്പെടുത്തിയ സംഘം അന്വേഷണം തുടങ്ങിയാല്‍ അത് ഉടന്‍ വഖ്ഫ് ഭൂമി അല്ലാതാവും എന്ന വ്യവസ്ഥയും എടുത്തു കളഞ്ഞത് ഹരജിക്കാര്‍ക്ക് ആശ്വാസമാണ്.
വഖ്ഫ് നിയമ ഭേദഗതി: വിധിയിലെ പ്രധാന ഭാഗങ്ങള്‍
* അഞ്ചുവര്‍ഷം വിശ്വാസിയായിരിക്കണം എന്ന വകുപ്പ് സ്റ്റേ ചെയ്തു
* അന്തിമ ഉത്തരവ് വരെ വഖ്ഫ് സ്വത്തുക്കളുടെ തല്‍സ്ഥിതി തുടരും
* ബോര്‍ഡില്‍ മൂന്നില്‍ കൂടുതല്‍ അമുസ്ലിംകള്‍ പാടില്ല
* അമുസ്ലിംകള്‍ക്കും ബോര്‍ഡ് സിഇഒ ആകാം
* വഖ്ഫ് സ്വത്തിന്‍മേലുള്ള കലക്ടറുടെ അധികാരം നീക്കി
മെയ് 22നാണ് ഹരജിയില്‍ വാദം പൂര്‍ത്തിയായി വിധിപറയാന്‍ മാറ്റിയത്. സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായിരിക്കെ ഹരജികള്‍ പരിഗണിക്കുന്നതിനിടെ, വഖ്ഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമത്തിലെ മൂന്ന് വ്യവസ്ഥകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. കേന്ദ്ര വഖ്ഫ് കൗണ്‍സിലിലും സംസ്ഥാന വഖ്ഫ് ബോര്‍ഡുകളിലും എക്‌സ് ഒഫിഷ്യോ അംഗങ്ങളൊഴികെ അമുസ് ലിംകളെ നിയമിക്കരുത്, ഉപയോഗത്തിലൂടെ വഖ്ഫ് ആയതടക്കമുള്ള ഏതെങ്കിലും സ്വത്തുക്കള്‍ വഖ്ഫ് അല്ലെന്ന് പ്രഖ്യാപിക്കരുത്, വഖ്ഫ് സ്വത്തിന്മേലുള്ള അവകാശവാദത്തില്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തുന്നഘട്ടത്തില്‍ പ്രസ്തുത സ്വത്ത് വഖ്ഫായി കണക്കാക്കില്ലെന്ന വ്യവസ്ഥ നടപ്പാക്കരുത് എന്നീ ഉത്തരവുകളാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. ഇതിനെ തുടര്‍ന്നാണ് നിയമത്തിന്റെ സാധുതയെ ചൊല്ലി വാദം നടന്നത്.
നേരത്തേ കേസ് പരിഗണിക്കുന്നതിനിടെ കടുത്ത ചോദ്യങ്ങളാണ് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്. വഖ്ഫുകളുമായി ബന്ധപ്പെട്ട് നിലവിലെ നിയമത്തില്‍ ചെയ്തിരിക്കുന്നതുപോലെ ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളില്‍ അഹിന്ദുക്കളെയും ഉള്‍പ്പെടുത്താന്‍ അനുവദിക്കുമോയെന്ന് ബഞ്ച് ചോദിക്കുകയുണ്ടായി.
വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സമസ്തയുടെയും മുസ്ലിം ലീഗിന്റെതും ഉള്‍പ്പെടെയുള്ള ഒരുകൂട്ടം ഹരജികള്‍ ആണ് കോടതിയിലുണ്ടായിരുന്നത്. ഇതില്‍ അഞ്ചു ഹരജിക്കാരുടെ വാദങ്ങളാണ് കോടതി കേട്ടത്. ബാക്കിയുള്ളതെല്ലാം പ്രത്യേക അപേക്ഷയായിട്ടാണ് കോടതി പരിഗണിച്ചത്. വഖ്ഫ് സ്വത്തുക്കള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നേരത്തെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ പെരുപ്പിച്ചതാണെന്നും ശരീഅത്തിലെ വഖ്ഫ് എന്ന സങ്കല്‍പ്പത്തെക്കുറിച്ച് പ്രാഥമിക ധാരണ ഇല്ലാതെയാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലമെന്നും സമസ്ത ചൂണ്ടിക്കാട്ടിയിരുന്നു. വഖ്ഫ് ഭൂമിയില്‍ 11 വര്‍ഷത്തിനിടയില്‍ 116 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്ന കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സമസ്ത അറിയിച്ചു. സമാന വാദം അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുസ്ലിം ലീഗും പ്രത്യേകമായി സമര്‍പ്പിച്ച ഹരജികളിലും ഉന്നയിക്കുകയുണ്ടായി. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയായിരുന്നു സമസ്തയെ പ്രതിനിധീകരിച്ചിരുന്നത്.
ഹരജിക്കാര്‍
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, മജ്‌ലിസുല്‍ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എംപി അസദുദ്ദീന്‍ ഒവൈസി, ഡല്‍ഹി എ.എ.പി എംഎല്‍എ അമാനത്തുള്ള ഖാന്‍, അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് അര്‍ഷാദ് മദനി, അഞ്ജും കദാരി, തയ്യിബ് ഖാന്‍ സല്‍മാനി, മുഹമ്മദ് ഷാഫി, ടി.എം.സി എംപി മഹുവ മൊയ്ത്ര, ആര്‍.ജെ.ഡി എംപി മനോജ് കുമാര്‍ ഝാ, എസ്.പി എംപി സിയാ ഉര്‍ റഹ്മാന്‍ ബര്‍ഖ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഡി.എം.കെ.
The Supreme Court today(September 15) stayed certain provisions of the Waqf (Amendment) Act 2025.A bench comprising Chief Justice of India BR Gavai and Justice AG Masih interfered with the following provisions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."