ജനപ്രതിനിധികളും നാട്ടുകാരും കൈകോര്‍ക്കുന്നു; മൂന്നുപീടികയിലെ 'കുരുക്ക'ഴിയും
കയ്പമംഗലം: ദേശീയപാത 17 ല്‍ പ്രധാന കേന്ദ്രമായ മൂന്നുപീടിക സെന്ററിലെ ട്രാഫിക് കുരുക്കഴിക്കാന്‍ വന്‍ പദ്ധതികളുമായി ജന പ്രതിനിധികളും നാട്ടുകാരും ഉദ്യോഗസ്ഥരും കൈകോര്‍ക്കുന്നു. ഇന്നലെ മൂന്നുപീടിക വ്യാപാര ഭവനില്‍ ഇ.ടി ടൈസന്‍ എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഗതാഗതം സുഗമമാക്കാന്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
ഇതുപ്രകാരം ഉടന്‍ തന്നെ മൂന്നുപീടിക സെന്ററില്‍ നിന്ന് കിഴക്കോട്ടുള്ള ഇരിങ്ങാലക്കുട റോഡില്‍ ഇരു ഭാഗത്തും വഴിമുടക്കുന്ന കടകള്‍ പൊളിച്ചുമാറ്റും. വീതികുറഞ്ഞ കലുങ്ക്, വൈദ്യുത പോസ്റ്റുകള്‍ എന്നിവ നീക്കാനും തീരുമാനമായി. കഴിഞ്ഞ ദിവസം തെക്ക്, വടക്ക് ബസ് സ്റ്റോപ്പുകള്‍ സെന്ററില്‍ നിന്ന് മാറ്റിയിരുന്നു. നിലവില്‍ പാതയുടെ പടിഞ്ഞാറ് ഭാഗത്ത് പാര്‍ക്ക് ചെയ്യുന്ന ഓട്ടോകള്‍ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഉള്ളിലായിരിക്കും ഇനി പാര്‍ക്ക് ചെയ്യുക.
സെന്ററില്‍ നിന്ന് പടിഞ്ഞാറേക്കുള്ള റോഡില്‍ നിരത്തിലേക്ക് തള്ളി നില്‍ക്കുന്ന ബഹുനില കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ കടമുറികള്‍ പൊളിച്ചു മാറ്റുന്നതോടൊപ്പം അനധികൃത പാര്‍ക്കിങ്ങുകള്‍ നിയന്ത്രിക്കാനും മൂന്ന് ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്. എന്നാല്‍ ചിരകാല ആവശ്യമായ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് ഇപ്പോള്‍ തീരുമാനം ആയിട്ടില്ല. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ്, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത്, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരികള്‍, പൗരപ്രമുഖര്‍, ഓട്ടോ തൊഴിലാളികള്‍, ചുമട്ടു തൊഴിലാളികള്‍, ജോയിന്റ് ആര്‍.ടി.ഒ, എക്‌സൈസ് സി.ഐ, മതിലകം എസ്.ഐ, തഹസില്‍ദാര്‍, കയ്പമംഗലം, പെരിഞ്ഞനം വില്ലേജ് ഓഫിസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങി നൂറോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇ.ടി.ടൈസന്‍ എം.എല്‍.എ ചെയര്‍മാനും കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് കണ്‍വീനറും വ്യാപാരി വ്യവസായി പ്രതിനിധി പവിത്രന്‍ ട്രഷററുമായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപവല്‍ക്കരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."