മൃതദേഹങ്ങള്‍ മഴയും വെയിലും കൊള്ളാതെ കൊണ്ടുപോകാന്‍ വഴിയൊരുക്കി മെഡിക്കല്‍ കോളജ് അധികൃതര്‍
ചേവായൂര്‍: അത്യാഹിതവിഭാഗത്തില്‍ നിന്നുംമോര്ച്ചറിയിലേക്ക് പോകുന്നതിന് സൗകര്യമൊരുക്കി അധികൃതര്‍. മെഡിക്കല്‍ കോളേജ് എട്ടാം വാര്‍ഡിനു സമീപം പത്തോളജി ലാബിലേക്ക് പ്രവേശിക്കുന്ന ഗോവണിയുടെ അരികുഭാഗത്ത് കനമുള്ള ഇരുമ്പ് ഗാര്‍ഡറില്‍ കട്ടികൂടിയ പ്ലൈവുഡ് ഉപയോഗിച്ച് റാമ്പ് നിര്‍മിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ റാമ്പിലൂടെ ട്രോളിയില്‍ മൃതദേഹവുമായി പത്തോളജി ലാബിനടുത്തുള്ള ലിഫ്റ്റുവഴി മോര്‍ച്ചറിയില്‍ എത്തിപ്പെടാനുള്ള സൗകര്യമാണ് ഒരുക്കിയത്.
അത്യാഹിത വിഭാഗത്തില്‍ നിന്നും ജനതാ പേവാര്‍ഡിന്റെ ഇടനാഴിയിലൂടെ കൊണ്ടുപോകുന്ന മൃതദേഹം ടാറിട്ട റോഡിലൂടെ മോര്‍ച്ചറിവരെ എത്തിക്കുന്ന രീതിയാണ് നിലവിലുള്ളത്. മാത്രമല്ല, പേവാര്‍ഡ് മുതല്‍ മോര്‍ച്ചറിവരെ മഴക്കാലത്ത് മഴകൊണ്ടും അല്ലാത്തകാലങ്ങളില് വെയിലേറ്റുമാണ് കൊണ്ടുപോയിരുന്നത്. ഇതിനെതിരേ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍തന്നെ പുതിയ റാമ്പുവഴി മൃതദേഹങ്ങള്‍ കൊണ്ടുപോകല്‍ ആരംഭിക്കുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.പി ശ്രീജയന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."