വാവർ മുസ്‌ലിം ആക്രമണകാരിയും തീവ്രവാദിയും; അയ്യപ്പസംഗമത്തിൽ വർഗീയ പ്രസംഗം നടത്തിയ ശാന്താനന്ദ മഹർഷിക്കെതിരെ പരാതി നൽകി കോൺഗ്രസ്
കൊച്ചി: ബിജെപി നേതൃത്വം നൽകിയ അയ്യപ്പസംഗമത്തിൽ വർഗീയ പ്രസംഗം നടത്തിയ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിക്കെതിരെ പൊലിസിൽ പരാതി. വാവർ, മുസ്‌ലിം ആക്രമണകാരിയും തീവ്രവാദിയുമെന്നായിരുന്നു ശാന്താനന്ദ മഹർഷി പ്രസംഗിച്ചത്. ഇതിനെതിരെ കോൺഗ്രസ് മാധ്യമ വക്താവ് അഡ്വ അനൂപ് വി.ആർ ആണ് പന്തളം പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്.
‘25-30 വർഷങ്ങൾക്ക് മുമ്പ് തന്നെ ശബരിമലയിൽ വെച്ചിരിക്കുന്നത് വാവരെയാണ്. വാവർക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവർ മുസ്‌ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണ്. അയാൾ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്’ - ശാന്താനന്ദ മഹർഷിയുടെ വിദ്വേഷം വളർത്തുന്ന വാക്കുകൾ ഇങ്ങനെയായിരുന്നു.
സംഭവത്തിൽ, രണ്ട് മതവിഭാഗങ്ങൾക്കിടയിൽ സ്പർധ ഉണ്ടാക്കൽ, വിശ്വാസം മുറിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കോൺഗ്രസ് മാധ്യമ വക്താവ് പരാതി നൽകിയത്.
സംസ്ഥാന സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന് ബദലായാണ് ബിജെപി പന്തളത്ത് അയ്യപ്പ സംഗമം നടത്തിയത്. സംസ്ഥാന സർക്കാരിന്റെ പരിപാടിയിൽ തമിഴിനാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ക്ഷണിച്ചിരുന്നു. ഇതിന് ബദലായി ബിജെപി മുൻ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയായിരുന്നു ബിജെപിയുടെ സംഗമത്തിന്റെ ഉദ്ഘാടകൻ ആയി എത്തിയത്. അണ്ണാമലൈ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും എതിരെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."