ഈ ഫ്‌ളാറ്റ് താമസിക്കാന്‍ തന്നെയല്ലേ..?
പട്ടികജാതി ഭവനരഹിതര്‍ക്കായി മരക്കാര്‍കണ്ടിയില്‍ നിര്‍മിച്ച ഫ്‌ളാറ്റ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഗുണഭോക്താക്കള്‍ക്ക് നല്‍കിയില്ല
കണ്ണൂര്‍: പട്ടികജാതി വിഭാഗത്തിലെ ഭവനരഹിതര്‍ക്കായി മരക്കാര്‍കണ്ടിയില്‍ നിര്‍മിച്ച ഫ്‌ളാറ്റ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും തുറന്നുകൊടുത്തില്ല. മുന്‍ നഗരസഭയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ഒരു വര്‍ഷം മുമ്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത പാര്‍പ്പിട സമുച്ചയം ഗുണഭോക്താക്കള്‍ക്കായുള്ള കാത്തിരിപ്പിലാണ്.
ഇതുവരെ വൈദ്യുതി ലഭിച്ചില്ലെന്ന് പറഞ്ഞായിരുന്നു കെട്ടിടം തുറന്നുകൊടുക്കാതിരുന്നത്. 'സുപ്രഭാതം' വാര്‍ത്തയെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് അന്ന് അടിയന്തര നടപടിയെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വെള്ളത്തിന്റെ കണക്ഷന്‍ കിട്ടിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മുമ്പ് ഈ കെട്ടിടം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ നല്‍കി വിവാദത്തിനു വഴിവച്ചിരുന്നു.
മരക്കാര്‍കണ്ടിയിലെ പട്ടികജാതിക്കാരുടെ തൊഴില്‍ പരിശീലനത്തിന് നിര്‍മിച്ച കെട്ടിടവും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മിച്ച കെട്ടിടവും കാടുപിടിച്ച് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. മിക്ക ഫ്‌ളാറ്റിന്റെയും ജനല്‍ചില്ലുകള്‍ അടിച്ചും ഏറിഞ്ഞും തകര്‍ത്ത നിലയിലാണ്.
പട്ടികജാതി ഫ്‌ളാറ്റിലേക്കുള്ള വഴി മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. ഇതിനെതിരേ സമീപവാസികള്‍ ഡിവിഷന്‍ കൗണ്‍സിലറോട് പരാതിപ്പെട്ടപ്പോള്‍ നിങ്ങള്‍ ഇവിടെ താമസിക്കാന്‍ വരുന്നതിന് മുമ്പ് തന്നെ ഞങ്ങള്‍ ഇവിടെ മാലിന്യം നിക്ഷേപിക്കാറുണ്ടെന്നായിരുന്നുവത്രേ മറുപടി. ഇതിനെതിരേ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. കോര്‍പറേഷനായി മാറിയപ്പോള്‍ കൗണ്‍സിലര്‍ക്കും മേയറടക്കമുള്ളവര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നിട്ടും രക്ഷയുണ്ടായില്ല.
ഏഴു ബ്ലോക്കുകളില്‍ രണ്ടു നിലകളിലായി 56 ഫ്‌ളാറ്റുകളാണു നിര്‍മിച്ചത്. ഒരു കിടപ്പുമുറി, സെന്‍ട്രല്‍ ഹാള്‍, അടുക്കള, കക്കൂസ്, കുളിമുറി എന്നിവയാണ് ഓരോ ഫ്‌ളാറ്റിലെയും സൗകര്യം. വീടില്ലാത്തതും സര്‍ക്കാരില്‍ നിന്നു ഭവന നിര്‍മാണത്തിന് സഹായം ലഭിക്കാത്തതും നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ 56 പേര്‍ക്കാണു ഫ്‌ളാറ്റുകള്‍ അനുവദിച്ചത്. എന്നാല്‍ ഇതുവരെ ഫ്‌ളാറ്റുകളുടെ പണി പൂര്‍ത്തിയായിട്ടില്ലന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."