എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് മലയാളി എഞ്ചിനീയേഴ്‌സ് അസോസിയേഷൻ സ്കോളർഷിപ്പ്; അപേക്ഷ നവംബർ 1 വരെ
കേരളത്തിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് മലയാളി എഞ്ചിനീയേഴ്‌സ് അസോസിയേഷൻ (MEA) നൽകുന്ന സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അമേരിക്കയിലെ ടെക്‌സസ്, ഹുസ്റ്റൺ ആസ്ഥാനമായുള്ള കൂട്ടായ്മയാണ് MEA. കേരളത്തിലെ എഞ്ചിനീയറിങ് വിദ്യാർഥികളെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.
MEA സ്കോളർമാർക്ക് പ്രതിവർഷം 600 യുഎസ് ഡോളറാണ് സ്കോളർഷിപ്പായി അനുവദിക്കുക. അക്കാദമിക മികവും സാമ്പത്തിക സാഹചര്യവും അടിസ്ഥാനമാക്കിയാണ് MEA സ്കോളർമാരെ തിരഞ്ഞെടുക്കുന്നത്. അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 1.
യോഗ്യത
ഇന്ത്യയിലെ അംഗീകൃത എഞ്ചിനീയറിങ് കോളേജുകളിലോ സർവ്വകലാശാലകളിലോ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, ആർക്കിടെക്ചർ, നേവൽ-ആർക്കിടെക്ചർ എന്നീ ബിരുദ കോഴ്സുകൾക്ക് ചേരുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പി അനുവദിക്കുക.
അപേക്ഷകർ 4 വർഷത്തെ (8 സെമസ്റ്റർ) അല്ലെങ്കിൽ ബി.ആർക്കിന് 5 വർഷത്തെ (10 സെമസ്റ്റർ) ബിരുദ എഞ്ചിനീയറിങ് കോഴ്സിൽ പ്രവേശനം നേടിയ ഒന്നാം വർഷ വിദ്യാർത്ഥിയായിരിക്കണം.
കേരള സർക്കാർ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ KEAM-ൽ ആദ്യത്തെ 7000 റാങ്കിനുള്ളിൽ ഉൾപ്പെട്ടിരിക്കണം.
ബി.ആർക്ക് വിദ്യാർത്ഥികളാണെങ്കിൽ NATA (National Aptitude Test in Architecture) സ്കോർ 110-ൽ കൂടുതലായിരിക്കണം.
പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും 85% -ന് മുകളിൽ മാർക്ക് നേടിയിരിക്കണം.
രക്ഷിതാക്കളുടെ വാർഷിക വരുമാനം 1,50,000/- രൂപയിൽ താഴെയായിരിക്കണം.
ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടിയ വിദ്യാർത്ഥികളും (ഡിപ്ലോമ അല്ലെങ്കിൽ മറ്റ് ബിരുദങ്ങൾക്ക് ശേഷം), നിലവിൽ ഡിഗ്രി കോഴ്സിന്റെ 2, 3, 4 വർഷങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും സ്കോളർഷിപ്പിന് അപേക്ഷിക്കാൻ യോഗ്യരല്ല.
അപേക്ഷിക്കേണ്ട വിധം
വിദ്യാർഥികൾ https://meahouston.org/ എന്ന വെബ്സെെറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കുക. വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ വെബ്സൈറ്റിലെ സ്കോളർഷിപ്പ് ലിങ്കിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം ആവശ്യമായ എല്ലാ ഡോക്യുമെൻ്റുകളും (pdf ഫോർമാറ്റിൽ സ്കാൻ ചെയ്തത്) [email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം.
ഓൺലൈൻ അപേക്ഷയും രേഖകളും സമർപ്പിക്കേണ്ട അവസാന തീയതി 2025 നവംബർ 1 ആണ്. തിരഞ്ഞെടുക്കപ്പെട്ടവർക്ക് 2026 മാർച്ച് 31-ന് മുമ്പ് സ്കോളർഷിപ്പ് നൽകും. മറ്റേതെങ്കിലും സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾ അതിന്റെ പൂർണ്ണ വിവരങ്ങൾ അപേക്ഷയോടൊപ്പം നൽകേണ്ടതാണ്.
Malayalee Engineers Association Scholarship program for Malayali Engineering Students. Applications are open until November 1.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."