the central government has implemented the new labour codes after five years.
HOME
DETAILS
MAL
അഞ്ച് വർഷങ്ങൾക്ക് ശേഷം പുതിയ തൊഴിൽ കോഡുകൾ നടപ്പിലാക്കി കേന്ദ്രം
November 21, 2025 | 6:22 PM
ന്യൂഡൽഹി: എതിർപ്പുകൾ അവഗണിച്ച് പുതിയ നാല് ലേബർ കോഡുകളും കേന്ദ്ര സർക്കാർ പാസാക്കി. തൊഴിലാളി സംഘടനകളുടെ കടുത്ത വിമർശനം നിലനിൽക്കെയാണ് നടപടി. അഞ്ചുവർഷം മുൻപ് പാർലമെന്റിൽ പാസാക്കിയ ബില്ലാണ് ഇപ്പോൾ പ്രാബല്യത്തിലെത്തുന്നത്.
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവിധ തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ചാണ് പുതുതായി 4 തൊഴിൽ കോഡുകൾ തയ്യാറാക്കിയിട്ടുള്ളത്. നേരത്തെയുണ്ടായിരുന്ന 29 തൊഴിൽ നിയമങ്ങളും മറ്റ് അനവധി ചട്ടങ്ങളും ഏകീകരിച്ചതാണ് പുതിയ നിയമം. വേതനവ്യവസ്ഥകൾ പ്രതിപാദിക്കുന്ന വേജ് കോഡ്, വ്യവസായ ബന്ധം വിശദീകരിക്കുന്ന ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സാമൂഹിക സുരക്ഷ പരാമർശിക്കുന്ന സോഷ്യൽ കോഡ്, തൊഴിലാളി-ഫാക്ടറി സുരക്ഷ വിവരിക്കുന്ന സുരക്ഷാ കോഡ് എന്നിവയാണിവ. പുതിയ കോഡുകൾ പ്രാബല്യത്തിൽ വരുന്നതോടെ മുൻപ് നിലനിന്നിരുന്ന 29 നിയമങ്ങൾ ഇല്ലാതാവും. പലവിധത്തിൽ തൊഴിലാളി വിരുദ്ധവും, സ്ഥാപന ഉടമകൾക്ക് അനുകൂലവുമാണ് പുതിയ നിയമങ്ങൾ എന്നാണ് വിമർനമുയരുന്നത്.
പുതിയ കോഡ് ഉറപ്പുനൽകുന്നതായി പറയുന്ന കാര്യങ്ങൾ
ഗിഗ്, പാർട് ടൈം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും സാർവത്രിക സാമൂഹിക സുരക്ഷ, ജീവനക്കാർക്ക് നിർബന്ധിത നിയമന ഉത്തരവുകളും സമയബന്ധിതവും നിയമപരവുമായ മിനിമം വേതനം, മികച്ച സുരക്ഷയും ആരോഗ്യ പരിരക്ഷയും, 40 വയസ്സിനു മുകളിലുള്ള തൊഴിലാളികൾക്ക് സൗജന്യ വാർഷിക ആരോഗ്യ പരിശോധനകൾ, അപകടകരമായ ജോലികൾക്കുള്ള കവറേജ്, സ്ഥിരം ജീവനക്കാർക്കും കരാർ ജീവനക്കാർക്കും തുല്യ ആനുകൂല്യങ്ങൾ, രാത്രി ഷിഫ്റ്റ് ജോലികളിൽ ഉൾപ്പെടെ ലിംഗഭേദമില്ലാതെ സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവകാശം, ഇന്ത്യയിൽ എവിടെയും ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിന് ഡിജിറ്റൽ അക്കൗണ്ടുകൾ (ആധാറുമായി ബന്ധിപ്പിച്ചത്), വേഗത്തിലുള്ള തർക്ക പരിഹാരം, ഒറ്റത്തവണ രജിസ്ട്രേഷൻ/ ലൈസൻസിങ്, സുരക്ഷാ മാനദണ്ഡങ്ങൾ ഏകീകരിക്കൽ എന്നിവക്കുള്ള സംവിധാനങ്ങൾ. കോഡിലെ ചില മേഖലകൾ ഇപ്പോഴും പൂർണമാകാത്തതിനാൽ അവശ്യ സന്ദർഭങ്ങളിൽ പഴയ തൊഴിൽ നിയമങ്ങൾ തുടർന്നും ബാധകമായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."