ഗസ്സയിലെ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ; നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനമെന്ന് നരേന്ദ്ര മോദി
ന്യൂഡൽഹി: ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ. ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനും സൈനികരെ തിരിച്ചുവിളിക്കുന്നതിനുമായി ഹമാസും ഇസ്‌റാഈലും എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തിൽ ഇസ്‌റാഈൽ പ്രധാനമന്ത്രിയയെയും യു.എസ് പ്രസിഡന്റിനെയും പ്രശംസിച്ചു. മേഖലയിലെ ശാശ്വത സമാധാനത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണിതെന്നും മോദി വിശേഷിപ്പിച്ചു.
ട്രംപിന്റെ സമാധാനപദ്ധതിയെ സ്വാഗതം ചെയ്യുന്നു എന്നറിയിച്ച മോദി, ബെഞ്ചമിൻ നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനമാണ് ഈ കരാറെന്ന് എക്സിൽ കുറിച്ചു. യുദ്ധം മൂലം തകർന്ന ഗസ്സ മുനമ്പിൽ ശാശ്വത സമാധാനത്തിന് കരാർ വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബന്ദികളുടെ മോചനവും ഗസ്സയിലെ ജനങ്ങൾക്കുള്ള മെച്ചപ്പെട്ട മാനുഷിക സഹായവും അവർക്ക് ആശ്വാസം നൽകുമെന്നും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹുവിനെയും ടാഗ് ചെയ്ത പോസ്റ്റിൽ വ്യക്തമാക്കി.
ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്‌റാഈലും ഹമാസും ധാരണയിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് സോഷ്യല്‍മീഡിയയിലൂടെയാണ് അറിയിച്ചത്. വെടിനിര്‍ത്തല്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുന്നത് സംബന്ധിച്ച് ഇരൂകൂട്ടരും ധാരണയിലെത്തിയതായാണ് ട്രംപ് അറിയിച്ചത്. പിന്നാലെ ഹമാസും ഇസ്‌റാഈലും ഇക്കാര്യം സ്ഥിരീകരിച്ചു.
ഇതുപ്രകാരം 24 മണിക്കൂറിനുള്ളില്‍ ഇസ്റാഈല്‍ അധിനിവേശ സൈന്യം ഗസ്സയില്‍നിന്ന് പിന്‍മാറും. തങ്ങളുടെ കൈവശമുള്ള ബന്ദികളെ ഹമാസും പകരമായി തടവിലുള്ള ഫലസ്തീനികളെ ഇസ്റാഈലും മോചിപ്പിക്കും. 48 ബന്ദികളാണ് ഹമാസിന്റെ കൈവശം ഇനിയുള്ളത്. ഇതില്‍ 20 പേരാണ് ജീവനോടെയുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ 20 പേരേയും മറ്റുള്ളവരുടെ മൃതദേഹങ്ങളുമാണ് ഹമാസ് കൈമാറുക. പകരം 2000ത്തോളം ഫലസ്തീന്‍ തടവുകാരെയാണ് ഇസ്‌റാഈല്‍ വിട്ടയക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."