ഗതാഗതം സ്തംഭിപ്പിച്ച് തിരുവനന്തപുരത്ത് വിദ്യാര്‍ഥികളുടെ ഓണാഘോഷം
തിരുവനന്തപുരം: എം.ജി റോഡില്‍ യൂനിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികള്‍ നടത്തിയ ഓണാഘോഷം മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഭവം.
ഇതില്‍ ചില വിദ്യാര്‍ഥികളുടെ കൈയില്‍ എസ്.എഫ്.ഐയുടെ പതാകയുമുണ്ടായിരുന്നു. രാവിലെ മുതല്‍ കോളജില്‍ അരങ്ങേറിവന്ന ഓണാഘോഷത്തിന്റെ തുടര്‍ച്ചയായാണ് വിദ്യാര്‍ഥികള്‍ ബാന്‍ഡ് വാദ്യവും പാട്ടും നൃത്തവുമായി റോഡിലിറങ്ങിയത്. ഇതോടെ ഗതാഗതം താറുമാറായി. യൂനിവേഴ്സിറ്റി കോളജിനുമുന്നില്‍ നിന്ന് സെക്രട്ടേറിയറ്റ് പരിസരംവരെ നീണ്ട വിദ്യാര്‍ഥി പ്രകടനത്തിനിടെ ഒരു മണിക്കൂറോളം വാഹനങ്ങള്‍ റോഡില്‍ കുരുങ്ങി. മെഡിക്കല്‍ കോളജിലേക്ക് രോഗികളുമായിപോയ ആംബുലന്‍സും കടത്തിവിട്ടില്ല. ഇരുന്നൂറോളംവരുന്ന വിദ്യാര്‍ഥി സംഘത്തോട് ഗതാഗതം തടസപ്പെടുത്തരുതെന്ന് പൊലിസ് ആവശ്യപ്പെട്ടെങ്കിലും ചെവികൊണ്ടില്ല. മുന്‍കൂട്ടി അറിയിക്കാതെയുള്ള ആഘോഷമായതിനാല്‍ നിയന്ത്രിക്കാന്‍ ആവശ്യത്തിനു പൊലിസും ഉണ്ടായിരുന്നില്ല. പൊതുഗതാഗതം തടസപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി കണ്ടാലറിയാവുന്ന വിദ്യാര്ഥികള്ക്കെതിരേ കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."