ജില്ലാ ബാങ്ക് ശാഖകളില്‍ അഗ്രി ഗോള്‍ഡ് ലോണ്‍ നിഷേധിക്കുന്നു
രാജപുരം: ജില്ലാ സഹകരണ ബേങ്കിന്റെ ചില ശാഖകളില്‍ കര്‍ഷകര്‍ക്ക് അഗ്രികള്‍ച്ചര്‍ ഗോള്‍ഡ് ലോണ്‍ നിഷേധിക്കുന്നതായി പരാതിയുയര്‍ന്നു.
മലയോരത്തെ ചില ശാഖകളിലാണ് അഗ്രികള്‍ച്ചര്‍ ഗോള്‍ഡ് ലോണ്‍ കിട്ടുന്നില്ലെന്ന പരാതി. നാലു ശതമാനം പലിശയിലാണ് ഒരു വര്‍ഷത്തേക്ക് കൃഷി ആവശ്യത്തിനായുള്ള സ്വര്‍ണവായ്പ നല്‍കുന്നത്.
തിരിച്ചെടുക്കുമ്പോള്‍ എഴു ശതമാനം നിരക്കിലാണ് പലിശ ഈടാക്കുന്നത്. ബാക്കി മൂന്ന് ശതമാനം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് സബ്‌സിഡിയായി വരും. എന്നാല്‍ ജില്ലാ ബേങ്കിന്റെ ചുളളിക്കര ഉള്‍പ്പെടെയുള്ള ശാഖകളിലെ ബാങ്ക് മാനേജര്‍മാര്‍ അഗ്രി ഗോള്‍ഡ് അനുവദിക്കുന്നില്ലെന്ന് വ്യാപകമായി പരാതി ഉര്‍ന്നിട്ടുണ്ട്.
ചുള്ളിക്കര ശാഖയില്‍ ഫണ്ടില്ലാത്തതിനാല്‍ മൂന്നുമാസമായി ലോണ്‍ നല്‍കുന്നില്ല. മാനേജര്‍ തന്നെയാണ് ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്. മറ്റു ബ്രാഞ്ചുകളിലും അഗ്രി ലോണ്‍ ഇല്ലെന്നും തെറ്റിദ്ധരിപ്പിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. ലോണിനായി ബാങ്കിലെത്തുന്നവര്‍ ഇതു മൂലം മറ്റു ബാങ്കുകളെ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസം ചുള്ളിക്കര ശാഖയില്‍ കാര്‍ഷിക സ്വര്‍ണ വായ്പ പുതുക്കാനെത്തിയ ഉപഭോക്താവിനോട് കാര്‍ഷിക വായ്പ നിര്‍ത്തലാക്കിയെന്നും നല്‍കാനാകില്ലെന്നും മാനേജര്‍ പറഞ്ഞിരുന്നു.
വിവരം ഡെപ്യൂട്ടി ജനറല്‍ മാനേജരോട് അന്വേഷിച്ചപ്പോള്‍ ലോണ്‍ നിലവില്‍ നല്‍കുന്നുണ്ടെന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് ജനറല്‍ മാനേജരുടെ നിര്‍ദേശാനുസരണം കാര്‍ഷിക വായ്പ നല്‍കാന്‍ നിര്‍ബന്ധിതമായി. മാനേജരുടെ ഇത്തരം നടപടിയില്‍ ഉപഭോക്താവിന് സര്‍വിസ് ചാര്‍ജ് ഇനത്തില്‍ നഷ്ടമായത് 1000 ത്തോളം രൂപയാണ്. ഒരു പവന് കംപ്യൂട്ടറില്‍ കാണിക്കുന്ന തുക നല്‍കാമെന്നിരിക്കെ അത്ര പോലും നല്‍കാന്‍ മാനേജര്‍ തയ്യാറാകാത്തതും ഉപഭോക്താക്കള്‍ ബാങ്കിനോട് വിടപറയാന്‍ കാരണമാകുന്നു.
ഉപഭോക്താക്കള്‍ കുറയുന്നത് അപ്രൈസര്‍മാരെയും കാര്യമായി ബാധിച്ചു. ഒരു ദിവസം നാലും അഞ്ചും ലോണുകള്‍ നല്‍കിയിരുന്ന ശാഖയില്‍ എണ്ണം ഗണ്യമായി കുറഞ്ഞത് ഇവരുടെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. സഹകരണ നിയമപ്രകാരം ഉപഭോക്താക്കളുടെ ആവശ്യത്തിനെതിരെയുള്ള മാനേജരുടെ കടന്നുകയറ്റത്തിനെതിരെ ഡി.ജി.എമ്മിന് പരാതി നല്‍കാനൊരുങ്ങുകയാണ് ഉപഭോക്താക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."