കുമിഞ്ഞുകൂടി വാഹനങ്ങള്‍
പയ്യന്നൂര്‍: വിവിധ കേസുകളില്‍ പയ്യന്നൂര്‍ പൊലിസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഉപേക്ഷിക്കുന്നതിനെത്തുടര്‍ന്ന് പയ്യന്നൂര്‍ ജവഹര്‍ മൈതാനം നാശത്തിന്റെ വക്കില്‍. സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട നാലാം സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനം നടന്ന ചരിത്രപ്രസിദ്ധമായ ഈ മൈതാനം വാഹനങ്ങള്‍ സൂക്ഷിക്കാനുള്ള ഇടമായതോടെ ആര്‍ക്കും ഉപയോഗമില്ലാതെ കാടുകയറി നശിക്കുകയാണ്. മണല്‍ ലോറികള്‍, വള്ളങ്ങള്‍, ചെറുതും വലുതുമായ മറ്റു വാഹനങ്ങള്‍ തുടങ്ങി നൂറുകണക്കിന് വാഹനങ്ങളാണ് രണ്ടേക്കറിലധികം വരുന്ന മൈതാനത്ത് നിറഞ്ഞിട്ടുള്ളത്. ഇതില്‍ പലതും കാലപ്പഴക്കത്താല്‍ തുരുമ്പെടുത്ത നിലയിലാണ്. 1928ല്‍ നടന്ന നാലാം സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് പൂര്‍ണസ്വരാജ് എന്ന ആവശ്യം ആദ്യമായി ഉയര്‍ന്നുവന്നത്. സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. നെഹ്രു പങ്കെടുത്ത സമ്മേളനം നടന്നതായതിനാലാണ് ഇത് ജവഹര്‍ മൈതാനമെന്നറിയപ്പെട്ടത്. പിന്നീട് പൊലിസ് പരേഡും മറ്റും നടക്കുന്നതിനാല്‍ ഇത് പൊലിസ് മൈതാനമെന്നും അറിയപ്പെടാന്‍ തുടങ്ങി. ചരിത്രമുറങ്ങുന്ന ജവഹര്‍ മൈതാനം സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ഇത് ചുറ്റുമതിലില്‍ ഒതുങ്ങുകയായിരുന്നു. മൈതാനം പൂര്‍ണ അര്‍ഥത്തില്‍ സംരക്ഷിച്ച് ഇവിടെ നെഹ്രുവിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. എന്നാല്‍ മൈതാനത്ത് ഉപേക്ഷിച്ച വാഹനങ്ങള്‍ എന്തു ചെയ്യുമെന്നതാണ് അധികൃതരെ കുഴക്കുന്നത്. അതിനിടെ തുരുമ്പെടുത്ത് നശിച്ചുതുടങ്ങിയ വാഹനങ്ങളില്‍ നിന്നും ഓയിലും, ഇന്ധനവും ഒഴുകിപ്പരക്കുന്നത് സമീപത്തെ കുടുംബങ്ങളുടെ കുടിവെള്ളം മലിനമാക്കുന്നതായും ആരോപണമുണ്ട്. കിണര്‍വെള്ളം കുടിക്കുമ്പോള്‍ ഓയിലിന്റെയും ഇന്ധനത്തിന്റെയും ഗന്ധവും രുചിയുമുള്ളതായി സമീപവാസികള്‍ പറയുന്നു. ഉപേക്ഷിച്ച വാഹനങ്ങളില്‍ നിന്നും ബാറ്ററി മറ്റ് വിലപിടിപ്പുള്ള ഉപകരണങ്ങളും മോഷണം പോകുന്നതും പതിവാണ്. വാഹനങ്ങള്‍ എത്രയും വേഗം ലേലം ചെയ്ത് ഒഴിവാക്കിക്കൊണ്ട് ആദ്യത്തെ പ്രധാനമന്ത്രി പ്രസംഗിച്ച മൈതാനം സംരക്ഷിക്കണമെന്നാണ് പയ്യന്നൂര്‍ പൗരാവലിയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."