സമ്പൂര്‍ണ ഇ-സാക്ഷരതാ പദ്ധതിക്ക് ജില്ല ഒരുങ്ങുന്നു
കണ്ണൂര്‍: കണ്ണൂരിനെ സമ്പൂര്‍ണ ഇ സാക്ഷരതാ ജില്ലയാക്കാന്‍ ജില്ലാ സാക്ഷരത സമിതിയുടെയും ജില്ലാ പഞ്ചായത്തിന്റെയും പദ്ധതി. ലോക സാക്ഷരതാ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിസ്ഥിതി സാക്ഷരതാ ക്ലാസിലാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പദ്ധതി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സേവനങ്ങളടക്കമുള്ള കാര്യങ്ങള്‍ സാങ്കേതിക വിദ്യാ അടിസ്ഥാനത്തിലേക്ക് മാറുന്ന സാഹചര്യത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.
സാധാരണ പൗരന് നിത്യജീവിതത്തില്‍ ഇ സാക്ഷരത ഒഴിച്ചുകൂടാന്‍ കഴിയാത്ത കാര്യമായി മാറിയിട്ടുണ്ടെന്ന് കെ.വി സുമേഷ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് പദ്ധതി ആലോചിച്ചത്. ഈ വര്‍ഷം എല്ലാ ഗ്രാമപഞ്ചായത്തിലും ഒരു വാര്‍ഡില്‍ പൈലറ്റ് പ്രൊജക്ടായി പദ്ധതി ആരംഭിക്കും.
ഇതിനാവശ്യമായ സര്‍വേ പ്രവര്‍ത്തനവും വിശദമായി പദ്ധതി രൂപീകരണവും നടത്തേണ്ടതുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും സംഘടനകളെയും സഹകരിപ്പിച്ചുള്ള വിപുലമായ ജനകീയ പ്രസ്ഥാനമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. അടുത്ത വര്‍ഷത്തോടെ ജില്ലയിലാകെ പദ്ധതി വ്യാപിപ്പിക്കും. സ്‌കൂളുകള്‍, വായനശാലകള്‍ എന്നിവയുടെ സൗകര്യങ്ങള്‍ പദ്ധതിക്ക് ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജയബാലന്‍ അധ്യക്ഷനായി. പ്രമുഖ സാക്ഷരത പ്രവര്‍ത്തകന്‍ പയ്യന്നൂര്‍ കുഞ്ഞിരാമനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. ഭാരതീയ വിജ്ഞാന്‍ സമിതി ദേശീയ സമിതി അംഗം ടി ഗംഗാധരന്‍ വിഷയാവതരണം നടത്തി. വി.കെ സുരേഷ് ബാബു, അന്‍സാരി തില്ലങ്കേരി, എം.കെ ശ്രീജിത്ത്, ഇ.കെ പത്മനാഭന്‍, സി.പി പത്മരാജ്, ഡോ.പി.വി പുരുഷോത്തമന്‍, ജയരാജ്, കെ.വി ഗോവിന്ദന്‍, ഷാജി ജോണ്‍, പി.എന്‍ ബാബു, വസന്ത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."