വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: എറണാകുളം -ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും, ഇത് സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ പരിപാടികളില്‍ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വര്‍ഗ്ഗീയ അജണ്ടകള്‍ക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
എറണാകുളം സൗത്ത് ബെംഗളുരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തിനാണ് വിദ്യാര്‍ഥികളെക്കൊണ്ട് ഗണഗീതം പാടിച്ചത്. ഫഌഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാര്‍ഥികള്‍ ട്രെയിനിന് അകത്തുനിന്ന് ഗണഗീതം ആലപിക്കുകയായിരുന്നു. ഇത് ദേശഭക്തി ഗാനമെന്ന വിശേഷണത്തോടെയാണ് ദക്ഷിണ റെയില്‍വേ എക്‌സില്‍ പങ്കുവെച്ചത്. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പിന്നാലെ പോസ്റ്റ് റെയിവേ പിന്‍വലിച്ചു. എന്നാല്‍ ഇപ്പോള്‍ ഇംഗ്ലീഷ് വിവര്‍ത്തനം കൂടി ചേര്‍ത്ത് വീണ്ടും പോസ്റ്റ് ചെയ്തിരിക്കുകയാണ് ദക്ഷിണ റെയില്‍വേ ഗണഗീതത്തിന്റെ വീഡിയോ.
സരസ്വതി വിദ്യാലയത്തിലെ കുട്ടികള്‍ അവരുടെ സ്‌കൂള് ഗീതം അതിമനോഹരമായി ആലപിച്ചിരിക്കുന്നു എന്ന ക്യാപ്ഷനോടുകൂടിയാണ് ഗണഗീതത്തിന്റെ വീഡീയോ റെയില്‍വേ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌കൂള്‍ അധികൃതരോട് വിശദാംശങ്ങള്‍ തേടിയിരുന്നുവെന്നും സ്‌കൂളില്‍ എല്ലാ ദിവസവും അസംബ്ലിയില്‍ പാടുന്ന ദേശഭക്തിഗാനം ആണെന്ന് വിശദീകരിച്ചതോടുകൂടിയാണ് വീണ്ടും പോസ്റ്റ് ചെയ്തതെന്നുമാണ് ഇതിന് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
English Summary: Kerala Education Minister V. Sivankutty has ordered an inquiry into the controversy surrounding students being made to sing an RSS Gana Geetham during the inauguration ceremony of the Ernakulam–Bengaluru Vande Bharat Express. The minister stated that the government views the incident seriously and has directed the Director of Public Education to submit a detailed report.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."