'സ്ഥാനാർഥി നിർണയത്തിൽ എല്ലാവരുടെയും താൽപര്യം സംരക്ഷിക്കാനാവില്ല'; കൊച്ചി ഡെപ്യൂട്ടി മേയറുടെ രാജിയിൽ വിശദീകരണവുമായി സിപിഐ
കൊച്ചി: കൊച്ചി ഡെപ്യൂട്ടി മേയർ കെ.എ അൻസിയ സിപിഐയിൽ നിന്ന് രാജി വെച്ചതിന് പ്രതികരണവുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ. അരുൺ രംഗത്ത്. സ്ഥാനാർഥി നിർണയത്തിൽ എല്ലാവരുടെയും താൽപര്യം സംരക്ഷിക്കാൻ കഴിയില്ലെന്നും ജില്ലാ സെക്രട്ടറി എൻ. അരുൺ വ്യക്തമാക്കി. അൻസിയയുടെ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൻസിയ പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ്, അവർ ഉന്നയിച്ച വിമർശനങ്ങളിൽ വസ്തുതയുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്, സ്ഥാനാർഥി നിർണയത്തിൽ എല്ലാവരുടെയും താൽപര്യം സംരക്ഷിക്കാൻ കഴിയില്ല. അൻസിയയെ പോലെ മികച്ച സ്ഥാനാർഥിയെയാണ് ഇത്തവണയും സിപിഐ രംഗത്തിറക്കിയത്. കുടുംബശ്രീ പ്രവർത്തകയായ അനില പി.എം. ആണ് ആറാം ഡിവിഷനിൽ ഇത്തവണ ജനവിധി തേടുന്നത്. എന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറും മട്ടാഞ്ചേരി അഞ്ചാം ഡിവിഷൻ കൗൺസിലറുമായ കെ.എ അൻസിയ സിപിഐയിൽ നിന്ന് രാജി വെച്ചത്. പാർട്ടി മെമ്പർഷിപ്പ് പോലുമില്ലാത്ത ആളെയാണ് ഇത്തവണ ആറാം ഡിവിഷനിൽ (ആറാം ഡിവിഷൻ സിപിഐ സീറ്റ്) പരിഗണിച്ചിരിക്കുന്നത്. മത്സരിക്കുന്നില്ല എന്ന് താൻ പറഞ്ഞിരുന്നുവെങ്കിലും, നിർദേശിച്ച മഹിളാ സംഘം പ്രവർത്തകരുടെ പേരുകൾ പാർട്ടി പരിഗണിച്ചില്ല എന്നും അർഹതയില്ലാത്ത ആളെയാണ് പാർട്ടി പരിഗണിച്ചത് എന്നും അൻസിയ ആരോപിക്കുന്നു.
പ്രസ്ഥാനം വ്യക്തികളിലേക്ക് മാത്രം ചുരുങ്ങിയ അവസ്ഥയിലാണ്, നിരവധി പ്രശ്‌നങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പിന്തുണ പോലും ലഭിച്ചില്ല. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച പോലെയായിരുന്നു അവസ്ഥയെന്നും അൻസിയ പറഞ്ഞു. സിപിഐയിൽ നിന്ന് രാജിവെക്കാനൊരുങ്ങുമ്പോഴും എൽഡിഎഫ് മുന്നണിക്കൊപ്പം തുടരാനാണ് തീരുമാനമെന്ന് അൻസിയ വ്യക്തമാക്കി. കൗൺസിലർ എന്ന നിലയിൽ മട്ടാഞ്ചേരിയിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
Kochi Deputy Mayor K.A. Ansiya resigned from the CPI (Communist Party of India), expressing dissatisfaction with the party's candidate selection for the upcoming local body elections in Ward 6.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."