ബിഹാറില്‍ ലാഭം കൊയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പത്തില്‍ എട്ട് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടി വെച്ച തുക പോയി, ജന്‍സുരാജിന് 238ല്‍ 236 സീറ്റിലും പണം പോയി
പട്‌ന: ഈ വര്‍ഷത്തെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലാഭം കൊയ്തത് ആരെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമാണ് ഉള്ളത്. അത് ഭരണത്തുടര്‍ച്ച കിട്ടിയ എന്‍.ഡി.എയോ തിളങ്ങുന്ന ജയത്തോടെ മുന്നിലെത്തിയവരോ അല്ല. നടത്തിപ്പുകാരാണ്. അതായത് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഹാറില്‍ 243 സീറ്റിലേക്ക് 2,616 പേരാണ് മാറ്റുരച്ചത്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗത്തിനും അവരുടെ കെട്ടിവെച്ച പണം പോലും തിരിച്ചു കിട്ടിയില്ല.
ഓരോ 10 സ്ഥാനാര്‍ത്ഥികളില്‍ 8 പേര്‍ക്കും അവരുടെ സീറ്റുകളില്‍ മൊത്തം വോട്ടിന്റെ ആറിലൊന്ന് പോലും നേടാന്‍ കഴിഞ്ഞില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2,107 സ്ഥാനാര്‍ത്ഥികള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായ കെട്ടിവെച്ച 10,000 രൂപ നഷ്ടപ്പെട്ടു. ഇത് മൊത്തം സ്ഥാനാര്‍ത്ഥികളുടെ 80.5% വരും. മൊത്തത്തില്‍, മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളില്‍ നിന്നുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസി) 2.62 കോടി രൂപയാണ് പിരിച്ചെടുത്തത്. മിനിമം വോട്ട് പോലും ലഭിക്കാതെ ആകെ 2.12 കോടി രൂപ കമ്മീഷന്റെ അക്കൗണ്ടിലേക്ക് വന്നെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കാണ് ഏറ്റവും നഷ്ടം സംഭവിച്ചത്. ആകെ മത്സരിച്ച 925 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളില്‍ 915 പേര്‍ക്കും (98.9% പേര്‍ക്കും) കെട്ടിവച്ച തുക നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടികളില്‍, രാഷ്ട്രീയ തന്ത്രജ്ഞനും പിന്നീട് രാഷ്ട്രീയക്കാരനുമായി മാറിയ പ്രശാന്ത് കിഷോരിന്റെ ജന്‍ സുരാജിനാണ് ഏറ്റവും കൂടുതല്‍ കെട്ടിവച്ച തുക നഷ്ടപ്പെട്ടത്. ജെ.ഡി.യു-ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എക്കും, ആര്‍.ജെ.ഡി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിനും ബദല്‍ എന്ന് അവതരിപ്പിച്ചായിരുന്നു ജന്‍ സുരാജിനന്റെ രംഗപ്രവേശം. ബിഹാറില്‍ വന്‍ ശക്തിയായി വരുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളും വിദഗ്ധരും വിലയിരുത്തി. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ പ്രതീതിയായി എന്ന് വേണം പറയാന്‍.
ആകെ 243 സീറ്റുകളില്‍ 238ലും തങ്ങളുടെ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച ജന്‍സുരാജിനെ ഏറെ ആശങ്കയോടെയാണ് മുന്നണികള്‍ കണ്ടതും. തങ്ങള്‍ക്ക് കിട്ടേണ്ട ഭരണവിരുദ്ധ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് ഇന്‍ഡ്യാ സഖ്യവും തങ്ങളുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വരുമെന്ന് നീതീഷും സംഘവും ഭയപ്പെട്ടു. എന്നാല്‍ ഫലം വന്നപ്പോള്‍ സീറ്റില്ലെന്ന് മാത്രമല്ല, അവരുടെ ആകെയുള്ള 238 സ്ഥാനാര്‍ത്ഥികളില്‍ 236 പേര്‍ക്കും (അല്ലെങ്കില്‍ 99.16%) കെട്ടിവച്ച തുക നഷ്ടപ്പെടുകയും ചെയ്തു.
ബിഹാര്‍ മുഴുവന്‍ പദയാത്ര നടത്തി ജനങ്ങളുടെ പള്‍സ് അറിഞ്ഞ ജന്‍ സുരാജ് അധ്യക്ഷന്‍ പ്രശാന്ത് കിഷോറിന്റെ കണക്കുകൂട്ടലുകളെല്ലാം പിഴക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. യുവാക്കളുടെ വോട്ടുകള്‍ ലക്ഷ്യമിട്ട് തൊഴിലില്ലായ്മയും വികസനവും ചര്‍ച്ചയാക്കി മാറ്റിയിട്ടും ഫലം കണ്ടില്ല.
കോണ്‍ഗ്രസിന് അഞ്ചും സി.പി.ഐക്ക് നാലും സീറ്റില്‍ പണം പോയി, ആം ആദ്മിയും രക്ഷപ്പെട്ടില്ല
61 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് അഞ്ചിടങ്ങളിലും, ഒമ്പത് സീറ്റില്‍ മത്സരിച്ച സി.പി.ഐക്ക് നാല് സീറ്റിലും, 143 സീറ്റില്‍ മത്സരിച്ച ആര്‍.ജെ.ഡിക്ക് ഒരു സീറ്റിലും പണം നഷ്ടമായി. 12 സീറ്റില്‍ മത്സരിച്ച വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് രണ്ടു സീറ്റിലും കാശ് നഷ്ടമായി. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി (എ.എ.പി) ഇത്തവണ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും അവരുടെ 83 സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച പണം നഷ്ടപ്പെട്ടു.
മുന്‍ ആര്‍.ജെ.ഡി നേതാവും തേജസ്വി യാദവിന്റെ ജ്യേഷ്ഠനുമായ തേജ് പ്രതാപ് യാദവ് കുടുംബവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് സ്ഥാപിച്ച ജനശക്തി ജനതാദളിന് (ജെജെഡി) 95.56% പണവും നഷ്ടമായി. അതായത് മൊത്തം 45 സ്ഥാനാര്‍ത്ഥികളില്‍ 43 പേര്‍ക്കും കെട്ടിവച്ച പണം പോയി, കെട്ടിവച്ച പണം നിലനിര്‍ത്തിയ രണ്ട് ജെ.ജെ.ഡി സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു തേജ് പ്രതാപ്.
അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം 28 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി പോരിനിറങ്ങിയപ്പോള്‍ 19 ഇടങ്ങളിലാണ് കാശ് പോയത്. എന്നാല്‍, അഞ്ച് സീറ്റുകളില്‍ എം.എല്‍.എ മാരെ സൃഷ്ടിക്കാനായി എന്നത് പാര്‍ട്ടിക്ക് നേട്ടമായി.
സ്വതന്ത്രരായി മത്സരിച്ച 915 സ്ഥാനാര്‍ഥികളുടെ കെട്ടിവെച്ച കാശുകളാണ് നഷ്ടമായത്. 10 സ്വതന്ത്രര്‍ക്ക് മാത്രമേ നേട്ടമുണ്ടാക്കാനായുള്ളൂ. സ്വതന്ത്രരാണ് നഷ്ടത്തില്‍ ഒന്നാമത്. രണ്ടാമത് ജന്‍സുരാജ് പാര്‍ട്ടി (236 പേര്‍). മൂന്നാമത് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും (176 സ്ഥാനാര്‍ഥികള്‍), നാലാമത് ആം ആദ്മി പാര്‍ട്ടിയും (83)യുമാണ് നഷ്ടക്കണക്ക്.
in bihar, the election commission forfeited deposits of eight out of ten candidates, while jansuraj lost deposits in 236 of 238 seats after failing to meet the minimum vote requirement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."