ഡല്‍ഹി സ്‌ഫോടനം; എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടര്‍മാരടക്കം നാലുപേരെ വിട്ടയച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധമാരോപിച്ച് എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത നാലുപേരെ വെറുതെവിട്ടു. ഹരിയാനയിലെ നൂഹില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഡോക്ടര്‍മാരുള്‍പ്പെടെ ഉള്ളവരെയാണ് വിട്ടയച്ചത്. സ്‌ഫോടനവുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഫിറോസ്പൂര്‍ ജിര്‍ക്ക സ്വദേശി ഡോ. മുസ്തഖീം, അഹ്‌മദ്ബാസ് സ്വദേശി ഡോ. മുഹമ്മദ്, ഡോ. റെഹാന്‍ ഹയാത്ത്, വളം വ്യാപാരി ദിനേശ് സിംഗ്ല എന്നിവരെയാണ് മോചിപ്പിച്ചത്. സ്‌ഫോടനത്തിന്റെ മുഖ്യപ്രതി ഉമര്‍ നബിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നായിരുന്നു എന്‍.ഐ.എ ആദ്യം ആരോപിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം തെളിയിക്കാനുള്ള മതിയായ തെളിവുകളൊന്നും തന്നെ അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്ത ഇവര്‍ കുറ്റക്കാരല്ലെന്ന് കുടുംബാംഗങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ മേവാത്തില്‍ നിന്നുള്ള ഏഴുപേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തത്. ഇതില്‍ നാലുപേരെയാണ് ഇപ്പോള്‍ വിട്ടയച്ചത്.
അതേസമയം നവംബര്‍ 10ന് വൈകീട്ട് 6.55 ഓടെ ഡല്‍ഹി ചെങ്കോട്ട പരിസരത്ത് നടന്ന സ്‌ഫോടനത്തില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരുന്നു. ഹ്യൂണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.
ഫരീദാബാദിലെ അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്തിരുന്ന ജമ്മു കശ്മീര്‍ പുല്‍വാമ സ്വദേശി ഉമര്‍ നബിയാണ് കേസിലെ മുഖ്യ പ്രതിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. സ്‌ഫോടന സമയം കാര്‍ ഓടിച്ചിരുന്നത് ഉമര്‍ ആണെന്ന് ഡിഎന്‍എ ടെസ്റ്റില്‍ വ്യക്തമായിരുന്നു. ആക്രമണത്തിന്റെ സൂത്രധാരന്‍ ഇയാളാണെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
nia released four people, including doctors from nuh, after confirming they had no link to the delhi blast.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."