കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് ബ്രിട്ടാസിന് മലയാളത്തില്‍ 'മറുപടി' നല്‍കി അമിത് ഷാ; പ്രാദേശിക ഭാഷാ വിവാദത്തിനിടെയുള്ള പുതിയ തന്ത്രം കേരളത്തില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കേ
ന്യൂഡല്‍ഹി: ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാകുന്നുവെന്ന ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെ പുതിയ നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജോ ബ്രിട്ടാസ് എം.പിക്ക് മലയാളത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് അമിത് ഷാ. പ്രാദേശിക ഭാഷക്കായി ദക്ഷിണേന്ത്യന്‍ എം.പിമാര്‍ നിരന്തരം വാദിക്കുന്നതിനിടെയുള്ള അമിത് ഷായുടെ തന്ത്രപരമായ നീക്കം കേരളത്തിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നാണ് സൂചന. സംസ്ഥാനത്ത് ബി.ജെ.പി നേരിടുന്ന പ്രധാന വിമര്‍ശനങ്ങളില്‍ ഒന്നാണ് ഭാഷാ വാദം. ലോക്‌സഭയില്‍ ആദ്യമായി സീറ്റ് നേടി ബി.ജെ.പി നിയമസഭയിലും ചരിത്രം ആവര്‍ത്തിക്കാനുള്ള കടുത്ത ശ്രമത്തിലാണ്.
എം.പിമാര്‍ക്ക് ഇംഗ്ലിഷില്‍ മറുപടി നല്‍കുന്നതാണ് കീഴ്‌വഴക്കം.എന്നാല്‍ മോദി സര്‍ക്കാറിലെ ചില മന്ത്രിമാര്‍ ഹിന്ദിയില്‍ മാത്രം മറുപടി നല്‍കുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നാണ് ഉയര്‍ന്ന വിമര്‍ശനം. ഈ സമയത്താണ് ഹിന്ദിയിലും ഇംഗ്ലീഷിലും നല്‍കാതെ മലയാളത്തില്‍ തന്നെ ആഭ്യന്തര മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.
ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) രജിസ്ട്രേഷന്‍ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 22ന് ബ്രിട്ടാസ് അയച്ച കത്തിന് മറുപടിയായി നവംബര്‍ 14ന് അമിത് ഷാ ബ്രിട്ടാസിന് കത്തയക്കുകയായിരുന്നു. ജോണ്‍ ബ്രിട്ടാസ് അയച്ച കത്തുകിട്ടി, നന്ദിയോടെ താങ്കളുടെ അമിത് ഷാ എഴെുതി ഒപ്പിട്ടാണ് മറുപടി.
അതേസമയം, മറുപടിയില്‍ പ്രശ്‌നത്തിന്റെ ഉള്‍വശങ്ങളിലേക്ക് കടന്നിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. നേരത്തേ കേന്ദ്ര റെയില്‍വേ സഹമന്ത്രി രവനീത് സിങ് ബിട്ടു ഹിന്ദിയില്‍ നല്‍കിയ കത്തിന് മലയാളത്തില്‍ മറുപടിയയച്ച് ബ്രിട്ടാസ് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. 1990ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായംസിങ് യാദവ് ഹിന്ദിയില്‍ അയച്ച കത്തിന് കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ മലയാളത്തില്‍ മറുപടി അയച്ച സംഭവവുമുണ്ടായിട്ടുണ്ട്.
ഓവര്‍സീസ് പൗരന്മാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള കേന്ദ്ര വിജ്ഞാപനമിറക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോ ബ്രിട്ടാസ് കത്ത് നല്‍കിയിരുന്നത്. ഏഴ് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഒ.സി.ഐ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള കേന്ദ്ര വിജ്ഞാപനം പുനഃപരിശോധിക്കണമെന്നാണ് കത്തില്‍ എം.പി ആവശ്യപ്പെട്ടിരുന്നത്. കുറ്റപത്രത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒ.സി.ഐ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതില്‍ വലിയ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടാസ് അമിത് ഷാക്ക് കത്ത് നല്‍കിയത്. വിഷയത്തില്‍ നിയമപരവും ഭരണഘടനാപരവുമായ ആശങ്കകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കത്ത് ലഭിച്ചു എന്ന് മാത്രമാണ് ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടിയിലുള്ളത്.
breaking political convention, amit shah responded to brittas in malayalam, drawing attention during an ongoing regional language debate. the gesture is viewed as part of a broader communication approach as kerala moves closer to its upcoming elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."