ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍
അഹമ്മദാബാദ്: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ ബിഎല്‍ഒമാരുടെ മരണങ്ങളും വര്‍ധിക്കുന്നു. ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒയുടെ മരണമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായ ഡിങ്കല്‍ ഷിംഗോടാവാലയെയാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഓള്‍പാഡ് താലൂക്കില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന യുവതി, സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വരാച്ച സോണില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ഇതിന് പുറമെയാണ് എസ്.ഐ.ആര്‍ നടപടികള്‍ക്കായി യുവതിയെ തെരഞ്ഞെടുത്തത്. കുളിമുറിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന യുവതിയെ വീട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുളിമുറിയിലെ ഗ്യാസ് ഗീസറില്‍ നിന്നുള്ള വാതകം ശ്വസിച്ചാണ് യുവതി മരിച്ചതെന്നാണ് പൊലിസിന്റെ വാദം. അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ് യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് വിവരം.
അതിനിടെ ഡിങ്കലിന്റെ വര്‍ക്ക് റിപ്പോര്‍ട്ട് ഏറെ മികച്ചതായിരുന്നെന്നും, എസ്.ഐ.ആര്‍ ജോലികള്‍ 45 ശതമാനവും ഇതിനോടകം യുവതി പൂര്‍ത്തീകരിച്ച് കഴിഞ്ഞെന്നും ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു. മരണം എസ്.ഐ.ആര്‍ ജോലി സമ്മര്‍ദം മൂലമല്ലെന്ന നിഗമനത്തിലാണ് ജില്ല ഭരണകൂടവും.
രാജ്യവ്യാപക എസ്.ഐ.ആറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കം കുറിച്ചതിന് പിന്നാലെ രാജ്യത്തുടനീളം ബിഎല്‍ഒമാര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനകളും തുടര്‍ക്കഥയാവുകയാണ്. ഇതുവെ 14 ബിഎല്‍ഒമാരാണ് ജോലിഭാരം മൂലം വിവിധ സംസ്ഥാനങ്ങളില്‍ മരണപ്പെട്ടത്. ഇതില്‍ നല്ലൊരു പങ്കും ആത്മഹത്യയായിരുന്നു. ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ ബിഎല്‍ഒമാര്‍ മരിച്ചത്. അരവിന്ദ് വധേര്‍, രമേശ് പര്‍മാര്‍, ഉഷ ബെന്‍, കല്‍പ്പന പട്ടേല്‍ എന്നിങ്ങനെ നാലുപേരാണ് ഗുജറാത്തില്‍ ജീവന്‍ വെടിഞ്ഞത്. ഇവര്‍ക്ക് പുറമെ കേരളം, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
26 year old blo found dead in gujarat surat
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."