പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ മന്ത്രി മുഹമ്മദ് റിയാസിനോട് വിശദീകരണം തേടി; ആരോപണം തള്ളി റിയാസ്
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചട്ട വിരുദ്ധമായി പ്രസംഗിച്ച സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസിനോട് വരണാധികാരി വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസ് ആണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. എന്നാൽ ആരോപണം തള്ളി മന്ത്രി റിയാസ് രംഗത്തെത്തി.
കോഴിക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി എളമരം കരീമിന്റെ പ്രചാരണ പരിപാടിക്കിടെയാണ് സംഭവം. പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ കായികമേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയിലായിരുന്നു ചട്ട വിരുദ്ധമായി പ്രസംഗിച്ചത്. കോഴിക്കോട് സ്‌റ്റേഡിയം രാജ്യാന്തര സ്‌റ്റേഡിയമായി മാറ്റാന്‍ നിശ്ചയിച്ചതായി മന്ത്രി പ്രസംഗിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
എന്നാൽ ആരോപണം തള്ളിയ റിയാസ്, നേരത്തെ പ്രഖ്യാപിച്ച കാര്യമാണ് പറഞ്ഞതെന്നും ചെയ്ത കാര്യം പറയുന്നതിൽ കുതിരകയറിയിട്ട് കാര്യമില്ലെന്നും പറഞ്ഞു. ഇനിയും ഇക്കാര്യങ്ങൾ പറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം പ്രസംഗത്തിന്റെ ദൃശ്യം ചിത്രീകരിച്ച വീഡിയോഗ്രാഫര്‍ക്ക് പരാതിയുണ്ടെങ്കിൽ പ്രതികരിക്കാമെന്നായിരുന്നു എളമരം കരീമിന്റെ മറുപടി. എന്നാൽ പ്രസംഗം ചിത്രീകരിച്ച ഇലക്ഷന്‍ കമ്മീഷന്‍ ക്യാമറമാനെ വേദിയില്‍ നിന്നും സ്ഥാനാര്‍ഥിയായ എളമരം കരീം മാറ്റിനിര്‍ത്തിയിരുന്നു.
വേദിയിലുണ്ടായിരുന്ന എളമരം കരീം ക്യാമറമാനെ കൂട്ടി വേദിക്ക് പിന്നിലെ ഗ്രീൻ റൂമിലേക്ക് പോയി. മന്ത്രി പ്രസംഗം നിര്‍ത്തിയ ശേഷമാണ് പിന്നീട് ഇദ്ദേഹം തിരികെ വന്നതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. പരിപാടിയുടെ ദൃശ്യങ്ങൾ സഹിതമാണ് യുഡിഎഫ് പരാതി നൽകിയത്. മന്ത്രിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വീഡിയോ ഗ്രാഫറെ ഭീഷണിപ്പെടുത്തി മായ്ച്ചുകളഞ്ഞെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."