സൈബര്‍ സുരക്ഷയല്ല, കേന്ദ്രനീക്കം പൗരന്‍മാരെ നിരീക്ഷിക്കല്‍; സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്പിനെതിരെ പ്രതിഷേധം ശക്തം
ന്യൂഡല്‍ഹി; ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഹാന്‍ഡ്സെറ്റുകളിലും സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം. രാജ്യത്ത് പുതുതായി നിര്‍മിക്കുന്ന ഫോണുകളിലും വിപണിയിലെത്തിച്ച സ്മാര്‍ട്ട് ഫോണുകളിലും 'സഞ്ചാര്‍ സാഥി'സൈബര്‍ സുരക്ഷ ആപ്ലിക്കേഷന്‍ ഉണ്ടായിരിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരിക്കുകയാണ്.
സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനും നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുക്കാന്‍ സഹായിക്കാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ നീക്കം പൗരന്മാരെ നിരീക്ഷിക്കാനുള്ള തന്ത്രമാണെന്നും നിര്‍ദേശം ഉടന്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ആപ്പിള്‍, സാംസങ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്നു മാസത്തിനകം നടപ്പാക്കാനാണ് നിര്‍ദ്ദേശം. ആപ്പിള്‍ സ്റ്റോര്‍ അല്ലെങ്കില്‍ ഗൂഗിള്‍ ആപ് സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയാണ് ചെയ്യേണ്ടത്. നിലവില്‍ സഞ്ചാര്‍ സാഥി' ആപ് ഇന്‍സ്റ്റാള്‍ ചെയ്യണോ വേണ്ടയോ എന്നത് ഉപഭോക്താക്കളുടെ ഇഷ്ടമായിരുന്നു. ഇതിനാണ് മാറ്റം വരാന്‍പോകുന്നത്.നിലവില്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ അപ്‌ഡേറ്റ് ആയി സഞ്ചാര്‍ സാഥി ആപ്പ് എത്തും.
ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ വിപണികളിലൊന്നാണ് ഇന്ത്യ. 120 കോടിയിലധികം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണ് രാജ്യത്തുള്ളത്. ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആപ് നിര്‍ബന്ധമായും ഫോണില്‍ സൂക്ഷിക്കണമെന്ന് കേന്ദ്രം നിര്‍ദേശിക്കുന്നത്. ടെലികോം സൈബര്‍ സുരക്ഷാ ചട്ടത്തിലെ പുതിയ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഉത്തരവ്.
നിര്‍ദേശം ഇത്
സൈബര്‍ -ഫോണ്‍ തട്ടിപ്പുകള്‍ തടയാനെന്ന് അവകാശപ്പെടുന്ന 'സഞ്ചാര്‍ സാഥി' ആപ് ഇന്‍ബില്‍റ്റ് ആയി ഇന്‍സ്റ്റാള്‍ ചെയ്യണം. ഡിലീറ്റ് ചെയ്യാന്‍ കഴിയാത്ത രൂപത്തിലായിക്കും അത്. നേരത്തേ വില്‍പന നടത്തിയ ഫോണുകളില്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ വഴി ആപ്ലിക്കേഷന്‍ ലഭ്യമാക്കണം.
ആപ് എന്തിന്
നഷ്ടപ്പെട്ട ഫോണ്‍ എവിടെയെന്ന് കണ്ടുപിടിക്കാനും സംശയകരമായ കാളുകളും സന്ദേശങ്ങളും അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനും ആപ് സഹായിക്കുമെന്നാണ് പറയുന്നത്. നഷ്ടപ്പെട്ട 37.28 ലക്ഷം ഫോണുകളുടെ ഉപയോഗം തടയാനും 22.76 ലക്ഷം ഫോണ്‍ വീണ്ടെടുക്കാനും ജനുവരിയില്‍ ആരംഭിച്ച സഞ്ചാര്‍ സാഥി ആപ് വഴി കഴിഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ കണക്കുകള്‍ അവകാശപ്പെടുന്നു.
പ്രതിഷേധവുമായി പ്രതിപക്ഷം
അതേസമയം, ഇത് സ്വകാര്യതയുടെ ലംഘനമാണെന്ന് വ്യാപക വിമര്‍ശനമുയരുന്നു. കേന്ദ്ര സര്‍ക്കാര്‍ നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. 'ബിഗ് ബ്രദറിന് നമ്മളെ നിരീക്ഷിക്കാനാകില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഒരു അവിഭാജ്യ ഭാഗമാണ് സ്വകാര്യതക്കുള്ള അവകാശം' -വേണുഗോപാല്‍ എക്‌സില്‍ കുറിച്ചു.
ഓരോ ഇന്ത്യക്കാരനെയും നിരീക്ഷിക്കാനുള്ള ആപ്പാണ് ഫോണുകളില്‍ ഇന്‍ബില്‍റ്റ് ആയി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് ഡിലീറ്റ് ചെയ്യാനാകില്ല. ഓരോ പൗരനെയും നിരീക്ഷിക്കാനുള്ള തന്ത്രമാണിത്. നിര്‍ദേശം തങ്ങള്‍ നിരസിക്കുന്നതായും ഉടനടി പിന്‍വലിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു. ബിഗ് ബോസിന്റെ മറ്റൊരു നിരീക്ഷണ തന്ത്രമാണിതെന്ന് ശിവസേനയുടെ രാജ്യസഭ എം.പി പ്രിയങ്ക ചതുര്‍വേദി ആരോപിച്ചു. സര്‍ക്കാര്‍ ആപ്പുകളോ മൂന്നാം കക്ഷി ആപ്പുകളോ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുന്നത് തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന നിലപാടുള്ള ആപ്പിള്‍ പുതിയ നിര്‍ദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്- അവര്‍ ചൂണ്ടിക്കാട്ടി.
the indian government's directive requiring all newly manufactured and imported mobile phones to pre-install the sanchar saathi cybersecurity app has sparked strong opposition. while the government claims the app enhances protection against cyber fraud and helps recover lost phones, opposition parties allege it is a tool for citizen surveillance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."