പൊടിപാറും പോരാട്ടം; കോർപറേഷൻ മേയർ സ്ഥാനാർഥികളുടെ വാർഡുകളിൽ കനത്ത മത്സരം
കോഴിക്കോട്: കോർപറേഷനിൽ മേയർ സ്ഥാനാർഥികളുടെ വാർഡുകളിൽ പോരാട്ടം ഇത്തവണ കനക്കും. പാറോപ്പടി, മീഞ്ചന്ത, കാരപ്പറമ്പ് വാർഡുകളിൽ മൂന്ന് മുന്നണികളുടെയും മേയർ സ്ഥാനാർഥികൾക്ക് 12 സ്ഥാനാർഥികളുമായാണ് പോരാടാനുള്ളത്.
പാറോപ്പടിയിലാണ് യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥി പി.എം നിയാസ് മത്സരിക്കുന്നത്. നിലവിൽ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ് പാറോപ്പടി. കഴിഞ്ഞ തവണ 717 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്റെ കെ.സി ശോഭിത വിജയിച്ചത്. പി.എം നിയാസിന് അഞ്ച് പേരെയാണ് ഇവിടെ നേരിടാനുള്ളത്. എൽ.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസ് എമ്മിന്റെ സിറിയക് മാത്യുവാണ് മത്സരിക്കുന്നത്. ഹരീഷ് പൊറ്റങ്ങാടിയാണ് ബി.ജെ.പി സ്ഥാനാർഥി, മണി, ഹരീഷ് എന്നിവർ സ്വതന്ത്ര സ്ഥാനാർഥികളാണ്. അതേസമയം പി.എം നിയാസിന് അപരനായി ടി.എം നിയാസും ഇവിടെ മത്സരത്തിനുണ്ട്.
മീഞ്ചന്തയിൽ നിന്നാണ് എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർഥിയായ സി.പി മുസാഫർ അഹമ്മദ് ജനവിധി തേടുന്നത്.
കഴിഞ്ഞ തവണ ബി.ജെ.പിയുടെ രമ്യ സന്തോഷ് 130 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്ന് വിജയിച്ചത്. ഡെപ്യൂട്ടി മേയറായ മുസാഫറിന് വാർഡ് വിഭജനത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയും കോർപറേഷൻ കൗൺസിൽ അംഗവുമായ എസ്.കെ അബൂബക്കറാണ് മുഖ്യ എതിരാളിയായുള്ളത്.
ഷിജുവാണ് ഇവിടത്തെ ബി.ജെ.പി സ്ഥാനാർഥി. സ്വതന്ത്ര സ്ഥാനാർഥി വി.എസ് അബൂബക്കർ, എസ്.ഡി.പി.ഐയുടെ മുഹമ്മദ് റാഫി എന്നിവരെയും പി. മുസാഫിർ എന്ന അപരനെയും മുസാഫർ അഹമ്മദിന് നേരിടാനുണ്ട്. കാരപ്പറമ്പിൽ നിന്നാണ് എൻ.ഡി.എയുടെ മേയർ സ്ഥാനാർഥി രമ്യഹരിദാസ് മത്സരിക്കുന്നത്. കാരപ്പറമ്പിലെ സിറ്റിങ് കൗൺസിലർ കൂടിയായ രമ്യ കഴിഞ്ഞ തവണ 474 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും സ്ഥാനാർഥികളെയാണ് നവ്യയ്ക്ക് നേരിടാനുള്ളത്.
ഷീജ കനകനാണ് യു.ഡി.എഫ് സ്ഥാനാർഥി. എൽ.ഡി.എഫ് സ്ഥാനാർഥിയായി ഹാഷിതയാണ് മത്സരിക്കുന്നത്.
mayor candidates in the corporation will face tougher fights,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."