എസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും
മലപ്പുറം: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന എസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും. വെള്ളി, ശനി ദിവസങ്ങളിലായി എടവണ്ണപ്പാറ വിളയിൽ പറപ്പൂർ സി.ബി.എം.എസ് ഇസ്ലാമിക് അക്കാദമിയിൽ നടക്കുന്ന കോൺഫറൻസിൽ കേരളത്തിനകത്തും പുറത്തുമുള്ള അഞ്ഞൂറോളം സ്ഥാപനങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്ത 1500 പ്രതിനിധികൾ പങ്കെടുക്കും. ട്രഡീഷൻ, ബൈനോക്കുലർ, സയൻസ് എന്നീ സെഷനുകളിലായി വ്യത്യസ്ത ചർച്ചകളും സംവാദങ്ങളും നടക്കും. മതവിദ്യാർഥികളുടെ ഉപരിപഠന സാധ്യതകളും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കാലത്തെ പ്രബോധന രീതികളും കോൺഫറൻസിന്റെ പ്രധാന വിഷയമാകും. പുതിയ കാലത്തോടൊപ്പം പാരമ്പര്യ വഴിയിൽ പ്രബോധനം സാധ്യമാകുന്ന പണ്ഡിത വിദ്യാർത്ഥിത്വത്തെ പാകപ്പെടുത്തുക എന്നതാണ് കോൺഫറൻസിന്റെ ലക്ഷ്യം.
നാളെ വൈകീട്ട് മൂന്നിന് സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീൻ കുട്ടി മുസ്ലിയാർ പതാക ഉയർത്തുന്നതോടെ വിദ്യാർഥി സംഗമത്തിന് തുടക്കമാവും. പാണക്കാട് നിയാസലി ശിഹാബ് തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകും. സ്വാഗത സംഘം ചെയർമാൻ ഷാജഹാൻ റഹ്‌മാനി കംമ്പളക്കാടിന്റെ അധ്യക്ഷതയിൽ വെല്ലൂർ ബാഖിയാത്ത് പ്രിൻസിപ്പൽ ശൈഖ് അബ്ദുൽ ഹമീദ് ഹസ്രത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കർ ദാരിമി മുഖ്യ പ്രഭാഷണം നിർവഹിക്കും. രാത്രി നടക്കുന്ന ഇഷ്ഖ് മജ്‌ലിസിന് മൻസൂർ പുത്തനത്താണിയും സംഘവും നേതൃത്വം നൽകും.
വിവിധ സെഷനുകളിൽ അബ്ദുൽ വഹാബ് ഹൈതമി ചീക്കോട്, സത്താർ പന്തല്ലൂർ, അൻവർ സാദിഖ് ഫൈസി താനൂർ, ശുഐബുൽ ഹൈതമി, എ.സജീവൻ, അൻവർ മുഹ്യുദ്ധീൻ ഹുദവി ആലുവ, ബഷീർ അസ്അദി നമ്പ്രം, മുജ്തബ ഫൈസി ആനക്കര, സുഹൈൽ ഹൈതമി പള്ളിക്കര, ബാസിത്ത് ഹുദവി ചെമ്പ്ര, യു.എം മുഖ്താർ, ബഷീർ ഫൈസി അരിപ്ര, ഡോ.മുനവ്വർ ഹാനിഹ് തുടങ്ങിയവർ പങ്കെടുക്കും.
സമാപന സമ്മേളനം നാളെ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് ആംരഭിക്കുന്ന പൊതുസമ്മേളനത്തിൽ പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ പ്രാർഥന നടത്തും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. സമസ്ത സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാർ അനുഗ്രഹ ഭാഷണവും മുസ്തഫ അഷ്റഫി കക്കുപ്പടി മുഖ്യപ്രഭാഷണവും നിർവഹിക്കും. ഫഖ്‌റുദ്ധീൻ തങ്ങൾ കണ്ണന്തളി, ഹാഷിറലി ശിഹാബ് തങ്ങൾ പാണക്കാട്, ഹാരിസലി ശിഹാബ് തങ്ങൾ പാണക്കാട്, ഒ.എം സൈനുൽ ആബിദ് തങ്ങൾ മേലാറ്റൂർ, കെ.മോയിൻ കുട്ടി മാസ്റ്റർ, ഒ.പി.എം അഷ്റഫ് കുറ്റിക്കടവ്, അയ്യൂബ് മാസ്റ്റർ മുട്ടിൽ, അബ്ദുൽ സത്താർ ദാരിമി തിരുവത്ര, എം.പി കടുങ്ങല്ലൂർ, ഫാറൂഖ് ഫൈസി മണിമൂളി, അബ്ദുൽ ഖയ്യൂം മാസ്റ്റർ കടമ്പോട്, ജലീൽ മാസ്റ്റർ പട്ടർക്കുളം, യൂനുസ് ഫൈസി വെട്ടുപാറ, സലീം യമാനി കാഞ്ഞിരം, അലവി ഹാജി പള്ളിമുക്ക്, ശുക്കൂർ വെട്ടത്തൂർ, സുലൈമാൻ ലത്വീഫി തുടങ്ങിയവർ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശമീർ ഫൈസി ഒടമല, ത്വലബ സംസ്ഥാന ചെയർമാൻ അബ്ദുൽ സത്താർ ദാരിമി തിരുവത്ര, ത്വലബ സംസ്ഥാന കൺവീനർ ശിബിലി പൊന്മുണ്ടം എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."