സർക്കാർ തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിൽ; അന്വേഷണം ആരംഭിച്ചു; ജീവനക്കാർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടിയെന്ന് എം.ഡി
തിരുവനന്തപുരം: സർക്കാർ തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ചോർത്തി അശ്ലീല വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ച സംഭവത്തിൽ സൈബർ സെൽ അന്വഷണം ആരംഭിച്ചു. ചലച്ചിത്ര വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലെ ദൃശ്യങ്ങളാണ് ചോർന്നത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയതായി കെ.എസ്.എഫ്.ഡി.സിയും അറിയിച്ചു.
ദൃശ്യങ്ങൾ പുറത്തുപോയതിൽ ജീവനക്കാർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് കെ.എസ്.എഫ്.ഡി.സി എം.ഡി പി.എസ് പ്രിയദർശൻ പറഞ്ഞു. ദൃശ്യങ്ങൾ ചോർന്നതിൽ സമഗ്ര അന്വേഷണം നടത്തുമെന്നും വിഷയം ഡി.ജി.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ഹാക്കിങ് ആണെന്നാണ് പ്രാഥമിക സംശയമെന്നും എം.ഡി പറഞ്ഞു.
സ്വകാര്യ തിയേറ്ററുകളിലെ ദൃശ്യങ്ങളും ചോർന്നിട്ടുണ്ട്. ജാഗ്രത പാലിക്കണം എന്ന് എല്ലാം തിയറ്ററുകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിയറ്ററുകളിലെ സുരക്ഷ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും എം.ഡി അറിയിച്ചു. അന്വേഷണത്തിലൂടെ വിശദവിവരങ്ങൾ പുറത്തു വരുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ കെ. മധു പറഞ്ഞു.
സിനിമ കാണാനെത്തിയ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് അശ്ലീല വെബ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. പെയ്ഡ് സൈറ്റുകളിലാണ് ഇത്തരം ദൃശ്യങ്ങൾ വന്നിരിക്കുന്നത്. സി.സി ടി.വി ഹാക്ക് ചെയ്ത് ദൃശ്യങ്ങൾ എടുക്കുകയോ അല്ലെങ്കിൽ ജീവനക്കാർ ചോർത്തിയതോ ആയിരിക്കാമെന്നാണ് പൊലിസ് നിഗമനം.
ക്ലൗഡിൽ നിന്നും സി.സി.ടി.വിയുടെ യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ഹാക്ക് ചെയ്ത് ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തതാകാമെന്നും സംശയമുണ്ട്. കെൽട്രോൺ ആണ് തീയറ്ററുകളിൽ സി.സി.ടി.വി സ്ഥാപിച്ചതെന്നും അവ സുരക്ഷിതമാണെന്നുമാണ് അധികൃതർ പറയുന്നത്. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ തീയറ്ററിന്റെ പേരും സ്‌ക്രീൻ നമ്പരും തീയതിയും സമയവുമെല്ലാം വ്യക്തമാണ്. സീറ്റുകളിൽ കെ.എസ്.എഫ്.ഡി.സുടെ ലോഗോയടക്കമുണ്ട്. വിവിധ ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് പണം വാങ്ങി ഇത്തരം ദൃശ്യങ്ങൾ വിൽക്കുന്നത്.
തീയറ്ററുകൾക്ക് പുറമെ ആശുപത്രികളിലെ സി.സി.ടി.വി ദൃശ്യങ്ങളും ചോർന്നതായി റിപ്പോർട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷക്കായി സ്ഥാപിച്ച സി.സി.ടി.വികളിലെ ദൃശ്യങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നത് വലിയ ആശങ്ക ഉയർത്തുന്നുണ്ട്.
Cyber Cell has started probing the leak of CCTV visuals from government theatres that were uploaded to porn sites.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."