'യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് തിരികെ നല്‍കണം'; ഇന്‍ഡിഗോയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രം
ന്യൂഡല്‍ഹി: സര്‍വീസ് റദ്ദാക്കിയതിന് പിന്നാലെ ഇന്‍ഡിഗോയ്ക്ക് മുന്നറിയിപ്പുമായി വ്യോമയാന മന്ത്രാലയം. രണ്ട് ദിവസത്തിനകം മുഴുവന്‍ യാത്രക്കാര്‍ക്കും ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. പ്രവര്‍ത്തന തടസങ്ങള്‍ കാരണം വിമനം റദ്ദാക്കുകയോ തടസ്സപ്പെടുകയോ ചെയ്ത സാഹചര്യത്തില്‍ റീഫണ്ടിങ് നടപടികള്‍ ഞായറാഴ്ച രാത്രിക്കകം പൂര്‍ത്തിയാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്ര മുടങ്ങിയ യാത്രക്കാരില്‍ നിന്ന് റീ ഷെഡ്യൂളിംഗ് ചാര്‍ജുകള്‍ ഈടാക്കരുതെന്നും ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പണം തിരികെ നല്‍കുന്നതില്‍ എന്തെങ്കിലും കാലതാമസമോ ചട്ടലംഘനമോ ഉണ്ടായാല്‍ 'ഉടനടി നിയന്ത്രണ നടപടികള്‍' സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്‍ഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിമാനയാത്രാനിരക്ക് കുത്തനെ കൂട്ടുന്ന വിമാനകമ്പനിയുടെ നടപടിക്ക് മൂക്കുകയറിടാന്‍ കേന്ദ്രം. അവസരം മുതലാക്കി വിമാനനിരക്ക് ഉയര്‍ത്തരുതെന്ന് വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാനമന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി. എല്ലാ വിമാനകമ്പനികള്‍ക്കും യാത്രാനിരക്കിന് പരിധി നിശ്ചയിക്കുകയും ഇത് ചൂണ്ടിക്കാട്ടി കമ്പനികള്‍ക്ക് കത്ത് അയക്കുകയും ചെയ്തു.
'ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്ന് എല്ലാ വിമാനക്കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി പൂര്‍ണ്ണമായും സ്ഥിരത കൈവരിക്കുന്നതുവരെ ഈ പരിധികള്‍ പ്രാബല്യത്തില്‍ തുടരും. ദുരിതത്തിലായ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയുക, മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ത്ഥികള്‍, രോഗികള്‍ എന്നിവരുള്‍പ്പെടെ അടിയന്തരമായി യാത്ര ചെയ്യേണ്ട പൗരന്മാര്‍ എന്നിവര്‍ ഈ കാലയളവില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് വിധേയരാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ നിര്‍ദ്ദേശത്തിന്റെ ലക്ഷ്യം,' മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇന്‍ഡിഗോ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ) പുതുക്കിയ ചട്ടം കേന്ദ്ര വ്യോമയാന മന്ത്രാലയം പൂര്‍ണമായും മരവിപ്പിച്ചിരുന്നു . ഇന്നലെ രാവിലെയോടെ ചട്ടങ്ങളിലെ ചില വ്യവസ്ഥകളില്‍ മാത്രം ഇളവു നല്‍കിയിരുന്നു. എന്നാല്‍ വൈകിട്ടോട് ചട്ടം പൂര്‍ണമായും മരവിപ്പിക്കുകയായിരുന്നു.
വിമാനജീവനക്കാര്‍ക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നല്‍കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് പിന്‍വലിച്ചത്. പൈലറ്റുമാര്‍ക്ക് വിശ്രമം ഉറപ്പാക്കുന്ന തരത്തിലായിരുന്നു ഡി.ജി.സി.എ പുതുക്കിയ ചട്ടം. എന്നാല്‍, ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ ചട്ടത്തെ തുടക്കം മുതല്‍ എതിര്‍ത്തു. പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധനകളില്‍ മാറ്റം വന്നതോടെയാണ് ഇന്‍ഡിഗോ സര്‍വീസുകളെ ബാധിച്ചത്. തുടര്‍ന്ന് ഇന്‍ഡിഗോ വ്യോമയാന മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."