വീണ്ടും ഉത്തര കൊറിയയുടെ ആണവപരീക്ഷണം
സിയൂള്‍: ഉത്തര കൊറിയ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആണവ പരീക്ഷണം നടത്തി. പരീക്ഷണത്തിനൊപ്പം റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ കൃത്രിമ ഭൂചലനവും അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ വടക്കന്‍ മേഖലയിലാണ് ഭൂകമ്പമുണ്ടായതെന്ന് ദക്ഷിണ കൊറിയന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. പിന്നാലെ ആണവ പരീക്ഷണത്തിന്റെ സ്ഥിരീകരണവുമായി ഉത്തര കൊറിയന്‍ ടി.വിയും രംഗത്തെത്തി. ഉത്തര കൊറിയ രൂപീകൃതമായതിന്റെ ആഘോഷത്തിനിടെയാണ് ആണവ പരീക്ഷണം നടന്നത്.
തങ്ങളുടെ ശാസ്ത്രജ്ഞരാണ് ആണവ പരീക്ഷണം നടത്തിയതെന്നും വടക്കന്‍ മേഖലയിലെ പരീക്ഷണ ഗ്രൗണ്ടിലായിരുന്നു സ്‌ഫോടനമെന്നും ദേശീയ ടി.വി അറിയിച്ചു. ഈയിടെ വികസിപ്പിച്ച ആണവായുധത്തിന്റെ പരീക്ഷണമാണ് നടന്നതെന്നും ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്രിമ ഭൂകമ്പം ഉത്തര കൊറിയയുടെ അഞ്ചാമത്തെ ആണവ പരീക്ഷണമാണെന്ന് നേരത്തെ ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി യോനാപ് റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷം ആണവ പരീക്ഷണ വിവരം ഉത്തര കൊറിയന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഭൂകമ്പത്തിന്റെ പ്രകമ്പനം 10 കി.മി വരെ അനുഭവപ്പെട്ടു.
ഉപഗ്രഹ ചിത്രങ്ങളുടെയും രഹസ്യാന്വേഷണ വിവരത്തിന്റേയും അടിസ്ഥാനത്തില്‍ പരീക്ഷണം നടന്നത് ഉത്തരകൊറിയയിലെ പംഗീരിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും ഇവിടെ ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയിരുന്നു. ഭൂകമ്പത്തിന് സമാനമായുള്ള പ്രകമ്പനം ഉത്തര കൊറിയന്‍ മേഖലയില്‍ അനുഭവപ്പെട്ടതായി യു.എസ് ജിയോളജിക്കല്‍ സര്‍വേയും സ്ഥിരീകരിച്ചിട്ടുണ്ട്.
ആണവ, മിസൈല്‍ പരീക്ഷണം നടത്തുന്നതിന് ഉത്തര കൊറിയക്ക് യു.എന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ജനുവരിയില്‍ ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയിരുന്നു.
പ്രതിഷേധവുമായി ചൈനയും യു.എസും
ബെയ്ജിങ്: ഉ.കൊറിയയുടെ ആണവ പരീക്ഷണത്തെ ചൈന അപലപിച്ചു. യു.എന്‍ രക്ഷാ സമിതി ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഈ വര്‍ഷം രണ്ടാം തവണയാണ് യു.എന്‍ നിരോധിച്ച ആണവ പരീക്ഷണം ഉ.കൊറിയ നടത്തുന്നതെന്നും ചൈന ആരോപിച്ചു. ഉ.കൊറിയയുടെ പ്രകോപനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ഉ.കൊറിയയുടേത് അപകടകരമായ നീക്കമാണെന്നും യു.എന്‍ രക്ഷാസമിതി ഇടപെടണമെന്നും റഷ്യയും ആവശ്യപ്പെട്ടു. ദക്ഷിണ കൊറിയയും ജപ്പാനും ഉ.കൊറിയയുടെ നീക്കത്തില്‍ പ്രതിഷേധിച്ചു. അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സിയും ആണവ പരീക്ഷണത്തില്‍ നടുക്കം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."